ദോഹ: വെസ്റ്റേണ്‍ യൂനിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖ്വിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കെഎംസിസി മലപ്പുറവും കെപിഎക്യു കോഴിക്കോടും സെമിയില്‍ പ്രവേശിച്ചു. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കെഎംസിസിസി കണ്ണൂരിനെ തോല്‍പ്പിച്ച് കെഎംസിസി മലപ്പുറം സെമിഫൈനലിലേക്ക് യോഗ്യത നേടി. മല്‍സരത്തിന്റ ആദ്യ പകുതിയിലെ പത്താം മിനുട്ടില്‍ കെഎംസിസി മലപ്പുറത്തിന് ലഭിച്ച പെനല്‍റ്റി കിക്ക് പാഴാക്കിയപ്പോള്‍ തന്നെ ഗ്യാലറിയില്‍ കണ്ണൂരിന് വേണ്ടി ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലും കെഎംസിസി കണ്ണൂര്‍ അത്യന്തം അത്ഭുതപ്പെടുത്തുന്ന കളിയായിരുന്നു പുറത്തെടുത്തത്. രണ്ടാം തവണയും മലപ്പുറം പെനല്‍ട്ടി അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ കണ്ണൂരിന് പ്രതീക്ഷ വര്‍ധിച്ചു. എന്നാല്‍, കളിയുടെ 68ാം മിനനിറ്റില്‍ മലപ്പുറത്തിന്റെ മുപ്പത്തിമൂന്നാം നമ്പര്‍ താരം ഷഫീറിന്റെ തകര്‍പ്പന്‍ ഷോട്ടിനു മുന്നില്‍ കണ്ണൂരിന്റെ ഗോളി നിസ്സഹായനായി. മറുപടിയില്ലാത്ത ഒരു ഗോളിന് കെഎംസിസി മലപ്പുറം വിജയം സ്വന്തമാക്കി. മാന്‍ ഓഫ് ദ മാച്ചായി കെഎംസിസി മലപ്പുറത്തിന്റെ സഫീറിനെ തിരഞ്ഞെടുത്തു.
രണ്ടാമത്തെ മത്സരത്തില്‍ കെപിഎക്യു കോഴിക്കോടും മാക് കോഴിക്കോടും ഉഗ്രന്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. പതിനാലാം മിനിറ്റില്‍ കെപിഎക്യു ഗോള്‍ നേടി ആധിപത്യം പുലര്‍ത്തിയെങ്കിലും സെല്‍ഫ് ഗോളില്‍ മത്സരം സമനിലയിലായി. മുഴുവന്‍ സമയവും പൊരുതിക്കളിച്ചിട്ടും വിജയികളെ തീരുമാനിക്കാനാവാത്തതിനാല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. വീണ്ടും സമനില തുടര്‍ന്നപ്പോള്‍ ടൈബ്രേക്കറും സഡന്‍ഡത്തുമായി ഒരു ഗോളിന്റെ വിജയത്തിന് കെപിഎക്യു കോഴിക്കോട് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. വെള്ളിയാഴ്ച കെഎംസിസി മലപ്പുറവും കെപിഎക്യു കോഴിക്കോടും തമ്മില്‍ രണ്ടാം സെമിഫൈനലില്‍ മത്സരിക്കും. കളിയിലെ കേമനായി മാക് കോഴിക്കോടിന്റെ റാഷിദിനെ തെരഞ്ഞെടുത്തു.