വീട്ടിലടച്ചിരിക്കുന്നവര്‍ക്ക് ആശ്വാസ സ്പര്‍ശം; ഖത്തറിലെ മട്ടുപ്പാവുകള്‍ ഇന്ന് സംഗീത സാന്ദ്രമാവും

Qatar Philarmonic Orchestra

ദോഹ: ഇന്ന് രാത്രിയില്‍ ഖത്തറിന്റെ അന്തരീക്ഷത്തിലെവിടെയെങ്കിലും ബിഥോവന്റെ ഈരടികള്‍ മുഴങ്ങുന്നത് കേട്ടാല്‍ നിങ്ങള്‍ ഉറപ്പിച്ചുകൊള്ളുക; അതിനു പിന്നില്‍ ഖത്തര്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര(ക്യുപിഒ)യാണെന്ന്. കൊറോണ വ്യാപനം തടയാന്‍ വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നവര്‍ക്ക് അല്‍പ്പം മാനസിക ഉല്ലാസം നല്‍കുന്നതിനും രോഗത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഒന്നാണെന്ന് തെളിയിക്കുന്നതിനുമാണ് ക്യുപിഒയുടെ സംഗീത പദ്ധതി.

ഇന്ന് രാതി 8 മണിക്കാണ് ക്യുപിഒയിലെ 96 സംഗീതജ്ഞര്‍ ഖത്തറിലുള്ള അവരവരുടെ വീടിന്റെ ബാല്‍ക്കണിയില്‍ ഒരേ സമയം സംഗീതം പൊഴിക്കുക. ബീഥോവന്റെ നയന്‍ത് സിംഫണിയില്‍പ്പെട്ട ഓഡ് ടു ജോയ് എന്ന ഭാഗമാണ് വായിക്കുക. യൂറോപ്യന്‍ യൂനിയന്റെ സ്വന്തം ഗാനം കൂടിയാണിത്.

ഇത് കേള്‍ക്കുന്നവര്‍ ആസ്വദിക്കുക മാത്രമല്ല തങ്ങളുടെ കൈയിലുള്ള സംഗീത ഉപകരണങ്ങളുമായി അവരവരുടെ വീടിന്റെ ബാല്‍ക്കണിയില്‍ വന്ന് ഒപ്പം ചേരണമെന്നാണ് ഖത്തര്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ആഹ്വാനം. ഒന്നുമില്ലെങ്കില്‍ കൂടെ മൂളുകയെങ്കിലും ചെയ്യണം.

വീട്ടില്‍ തനിച്ചാണെങ്കിലും നമ്മള്‍ ഇപ്പോഴും ഒന്നാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. സംഗീതത്തിലൂടെ ഒരു പോസിറ്റീവ് എനര്‍ജിയും ഐക്യബോധവും പകരുകയാണ് ലക്ഷ്യമിടുന്നത്- ക്യുപിഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കുര്‍ത്ത് മീസ്റ്റര്‍ പറഞ്ഞു.

QPO musicians to perform from their balconies tonight