ദോഹ: ഖത്തറിലെത്തുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ റാന്‍ഡം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. യാത്രക്കാരില്‍ ഏതാനും ചിലരെ തിരഞ്ഞെടുത്ത് സൗജന്യമായി കോവിഡ് പരിശോധന നടത്താനാണ് പദ്ധതി. യാത്രക്കാരുടെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനമെന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രക്കാരില്‍ ഏതൊരാളെയും ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തേക്കാം. യാത്രയ്ക്ക് മുമ്പ് നടത്തുന്ന കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് പുറമേയാണിത്. റാന്‍ഡം പരിശോധനയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെര്‍മിനലിലുള്ള മെഡിക്കല്‍ സംഘം നിങ്ങളെ വിവരമറിയിക്കും. ഏതാനും മിനിറ്റ് നീളുന്ന പരിശോധന തികച്ചും സൗജന്യമാണ്.
പരിശോധന കഴിഞ്ഞാല്‍ രാജ്യത്തിനകത്ത് പ്രവേശിക്കാം. ടെസ്റ്റ് ഫലം വരുന്നതുവരെ ഇഹ്തിറാസില്‍ പച്ച തന്നെയായിരിക്കും കാണിക്കുക. 24 മണിക്കൂറിനകം പരിശോധനാ ഫലം എസ്എംഎസ് ആയി ലഭിക്കും. ഫലം പോസിറ്റീവ് ആകുന്നവര്‍ക്ക് തുടര്‍ നടപടികള്‍ അറിയിക്കും.