ദോഹ: ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.
ഈജിപ്ത്, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഖത്തറിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയതായാണ് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറ്റിയുടെ എംബ്ലം സഹിതമുള്ള ചിത്രത്തോട് കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഈ തീരുമാനത്തില്‍ നിന്ന് തുര്‍ക്കി, ഇറാന്‍ പൗരന്മാരെ ഒഴിവാക്കിയതായും വ്യാജ വാര്‍ത്തയില്‍ ഉണ്ടായിരുന്നു. വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും അയച്ച കത്ത് എന്ന രീതിയിലാണ് ഈ വാര്‍ത്ത പ്രചരിച്ചിരുന്നത്.
എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ കത്ത് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഈജിപ്തില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി നേരത്തേ നല്‍കിയ നോട്ടീസ് തിരുത്തിയാണ് വ്യാജ വാര്‍ത്ത ചമച്ചത്.
ഖത്തര്‍ അധികൃതരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നോ ആരോഗ്യ മന്ത്രാലയത്തിന്റെയോ ഖത്തര്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫിസിന്റെയോ കൊറോണ വൈറസ് സംബന്ധിച്ച അപ്‌ഡേറ്റുകളില്‍ നിന്നോ മാത്രമേ അത് സംബന്ധമായ വാര്‍ത്തകള്‍ സ്വീകരിക്കാവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.