കയ്പമംഗലം: ആശങ്കയ്ക്കും സങ്കടങ്ങള്‍ക്കുമൊപ്പം കൊച്ചുകൊച്ചു സന്തോഷങ്ങളുടെയും കൗതുകം പകരുന്ന നന്മകളുടെ കാലം കൂടിയാണ് കൊറോണ സമ്മാനിക്കുന്നത്.
ശനിയാഴ്ച രാത്രി 11ഓടെയാണ് കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് ഖത്തറില്‍ നിന്ന് ലെന എന്ന 11കാരിയുടെ വിളി വന്നത്. ഫോണെടുത്ത എഎസ്ഐ സജിപാല്‍ ഫോണിലൂടെയുള്ള ആവശ്യം കേട്ട് അമ്പരന്നു.
ഞായറാഴ്ച വല്യമ്മയുടെ പിറന്നാളാണെന്നും ഒരു കേക്ക് വാങ്ങി നല്‍കാമോ എന്നുമായിരുന്നു ലെനയുടെ ചോദ്യം. ആദ്യം തമാശയാണോ എന്ന് തോന്നിയ സജിപാല്‍ വിശദ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ലെന ഫോണ്‍ അമ്മ സ്മര്യക്ക് കൈമാറി.
ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് സ്കൂളിന് സമീപം എലുവത്തിങ്കല്‍ തോമസ് ഫ്രാന്‍സിസ്-ജാന്‍സി ദമ്പതികളുടെ മകളാണ് സ്മര്യ. ഇവരും ഭര്‍ത്താവും മൂന്നു കുട്ടികളും ഖത്തറിലാണ് താമസം. ഞായറാഴ്ച അമ്മ ജാന്‍സിയുടെ 60ാമത് പിറന്നാളാണ്. ഇതിനായി കുടുംബമൊന്നിച്ച് നാട്ടിലേക്ക് വരാനിരിക്കികയായിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ പണിപറ്റിച്ചു. ഇതോടെ ഖത്തറില്‍ കുടുങ്ങി.
അതിനിടെയാണ് മകള്‍ ലെന കയ്പമംഗലം പോലിസിന്റെ നമ്പര്‍ കണ്ടെത്തി വിളിച്ചത്. സ്മര്യയുടെ വിശദീകരണം കേട്ട പോലിസ് ലെനയുടെ നിഷ്കളങ്കമായ ആവശ്യത്തിന് വഴങ്ങി. ഞായറാഴ്ച രാവിലെ പത്തോടെ എസ്ഐമാരായ കെ എസ് സുബിന്ദ്, അബ്ദുല്‍സലാം, എഎസ്ഐ സജിപാല്‍, സിപിഒ ലാല്‍ജി എന്നിവര്‍ ചേര്‍ന്ന് കേക്കുമായി ജാന്‍സിയുടെ വീട്ടിലെത്തി. വല്യമ്മച്ചിയുടെ കൂടെ ഫോട്ടയും എടുത്ത് ആഘോഷം കെങ്കേമമാക്കി. കേക്ക് കൈമാറി പിറന്നാള്‍ ആശംസ നേര്‍ന്ന പോലിസ് വാട്സ്ആപ് വഴി വിവരം ഖത്തറിലുള്ള കൊച്ചുമോള്‍ക്ക് കൈമാറാനും മറന്നില്ല.
Kerala Police fulfills birthday cake request from 11-year-old girl from Qatar