ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജോലിയോ വേതനമോ ഇല്ലാതെ മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ഇപ്പോഴും തങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് വാടക നല്‍കേണ്ടി വരുന്നതായി പരാതി. എക്‌സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റില്‍ പ്രവാസികള്‍ മടങ്ങി വരുന്നത് ആരംഭിച്ചിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും ഇനിയും വരാനുള്ള അനുമതി ലഭിച്ചിട്ടില്ല.
തങ്ങളുടെതല്ലാത്ത കാരണത്താല്‍ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് വാടകയില്‍ ഇളവ് നല്‍കാന്‍ പല കെട്ടിട ഉടമകളും തയ്യാറാവുന്നില്ല. പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ സാധ്യമാവൂ എന്നിരിക്കേ വാടകയില്‍ ഇളവ് നല്‍കാത്തത് ന്യായീകരിക്കാനാവാത്തത് ആണെന്ന് വാടകക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഖത്തറിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ പേളില്‍ ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായി പ്രാദേശിക ന്യൂസ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴ് മാസമായി തന്റെ രണ്ട് ബെഡ്‌റൂമുള്ള അപാര്‍ട്ട്‌മെന്റിന് വാടക നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് പേളില്‍ താമസക്കാരനായ രണ്‍വീര്‍ പറഞ്ഞു. ജോലിയോ വേതനമോ ഇല്ലാതെയാണ് താന്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. തുടക്കത്തില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനി സാഹചര്യം മനസ്സിലാക്കി വാടക വൈകിപ്പിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഇപ്പോള്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പല സുഹൃത്തുക്കളോടും വാടക പൂര്‍ണമായും ഉടന്‍ അടച്ചില്ലെങ്കില്‍ റൂം ഒഴിഞ്ഞു കൊടുക്കാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. നാട്ടില്‍ കഴിയുന്ന അവര്‍ എങ്ങിനെയാണ് റൂം ഒഴിയുകയെന്ന് രണ്‍വീര്‍ ചോദിച്ചു.
അതേ സമയം, വാടകയില്‍ 25 ശതമാനം ഇളവ് നല്‍കുകയും വൈകിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്ത കമ്പനികളുണ്ട്. താന്‍ ഇപ്പോള്‍ മാസം തോറും വാടകയുടെ 75 ശതമാനമാണ് അയക്കുന്നത്. 25 ശതമാനം അടുത്ത വര്‍ഷം അടക്കാമെന്ന് ധാരണയിലെത്തിയിരിക്കുകയാണെന്നും മറ്റൊരു താസമക്കാരനായ മുറാദ് പറഞ്ഞു.
എന്നാല്‍, കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നം നേരിടുന്നവരാണ് കെട്ടിട ഉടമകളുമെന്നും അവര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും ദി പേള്‍ ഗേറ്റ്‌സ് ലക്ഷുറി റിയാല്‍റ്റി പ്രതികരിച്ചു. മുറി ഒഴിഞ്ഞു കിടക്കുകയാണെങ്കിലും കെട്ടിട ഉടമ നിശ്ചിത ബില്ലുകളും സര്‍വീസ് ചാര്‍ജുകളും അടക്കേണ്ടതുണ്ട്. സൗജന്യ മാസങ്ങള്‍ അനുവദിക്കുകയും കരാര്‍ 13ഉം 14ഉം മാസത്തേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്ത കമ്പനികള്‍ ഉണ്ടെന്നും ദി പേള്‍ ഗേറ്റ്‌സ് ലക്ഷുറി റിയാല്‍റ്റി ചൂണ്ടിക്കാട്ടി.
Residents stuck outside Qatar but still paying rent