Wednesday, November 30, 2022
HomeNewsKeralaകെ സുധാകരന്‍ എംപിക്കെതിരേ ആര്‍ ജെ സൂരജ്; പ്രതികരണവുമായി റേഡിയോ മലയാളം

കെ സുധാകരന്‍ എംപിക്കെതിരേ ആര്‍ ജെ സൂരജ്; പ്രതികരണവുമായി റേഡിയോ മലയാളം

ദോഹ: കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്റെ വിമാന യാത്രയില്‍ അനുയായി വിമാന ജീനവക്കാരോട് തട്ടിക്കയറിയെന്ന് ഖത്തറിലെ അറിയപ്പെടുന്ന റേഡിയോ ജോക്കി ആര്‍ ജെ സൂരജിന്റെ പോസ്റ്റ്. പിന്നാലെ പോസ്റ്റിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും സൂരജ് തങ്ങളുടെ ജീവനക്കാരനല്ലെന്നും വ്യക്തമാക്കി ഖത്തറിലെ പ്രമുഖ റേഡിയോ ചാനലായ റേഡിയോ മലയാളവും.

കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഒക്ടോബര്‍ 24ന് യാത്ര ചെയ്യവേ തന്റെ കണ്‍മുന്നില്‍ നടന്ന കാര്യത്തെക്കുറിച്ചാണ് ആര്‍ ജെ സൂരജ് വിശദീകരിക്കുന്നത്. എംപി തനിക്ക് നിശ്ചയിക്കപ്പെട്ടത് അല്ലാത്ത സീറ്റുകള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍, യാത്രക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് എയര്‍ ഹോസ്റ്റസ് ഇത് നിഷേധിച്ചെന്നുമാണ് സൂരജിന്റെ പോസ്റ്റില്‍ പറയുന്നത്. ഇതേ ആദ്യം എംപിയും എയര്‍ ഹോസ്റ്റസും തമ്മില്‍ ചെറിയ വാക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് എംപി നീരസത്തോടെ തനിക്ക് നിശ്ചയിക്കപ്പെട്ട ബാക്കിലെ സീറ്റില്‍ പോയിരുന്നു. തര്‍ക്കം കണ്ട് കയറി വന്ന ഗ്രൗണ്ട് സ്റ്റാഫും എംപി ആയാലും എല്ലാവരും ഒരു പോലെ ആണെന്ന് പ്രതികരിച്ചു. ഇതേ തുടര്‍ന്ന് എംപിയോടൊപ്പമുണ്ടായിരുന്ന വെള്ള ഷര്‍ട്ടിട്ടയാള്‍ വിമാനത്തില്‍ ബഹളമുണ്ടാക്കുകയും വിമാനമിറങ്ങിയ ശേഷം ജീവനക്കാരന്റെ ജോലി തെറിപ്പിക്കുമെന്ന് പറഞ്ഞതായും സൂരജ് പറയുന്നു.

സൂരജിന്റെ പോസ്റ്റില്‍ പ്രതികരണവുമായി നിരവധി പേരെത്തി. വിമാനത്തില്‍ എംപിമാര്‍ക്ക് ചില പ്രിവിലേജുകള്‍ ഉണ്ടെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ഇതു പ്രകാരം എംപിമാര്‍ക്ക് ഒഴിവുണ്ടെങ്കില്‍ അവര്‍ക്ക് സൗകര്യപ്പെടുന്ന സീറ്റ് അനുവദിക്കേണ്ടതും മുന്‍നിര സീറ്റ് ബുക്ക് ചെയ്യേണ്ടതുമാണെന്ന് പലരും ചൂണ്ടിക്കാട്ടി. സിപിഎം അനുഭാവിയായ സൂരജ് രാഷ്ട്രീയ വിരോധം മൂലമാണ് സുധാകരനെതിരേ പോസ്റ്റിട്ടതെന്നും കമന്റുകളില്‍ പറയുന്നു.

ഇതേ തുടര്‍ന്നാണ് റേഡിയോ മലയാളത്തിന്റെ പ്രതികരണം.
പ്രസ്തുത വിവാദവുമായി റേഡിയോ മലയാളത്തിനു യാതൊരു ബന്ധവുമില്ല എന്നും, അത്തരം വിവാദങ്ങള്‍ റേഡിയോ മലയാളത്തിന്റെ കാഴ്ചപ്പാടല്ല എന്നും, അതിന് റേഡിയോ ഒട്ടും ഇടം നല്‍കിയിട്ടില്ല എന്നും പ്രതികരണത്തില്‍ പറയുന്നു.
അതോടൊപ്പം, ആര്‍ജെ സൂരജ് റേഡിയോ മലയാളത്തിന്റെ സ്റ്റാഫ് അല്ലെന്നും ഫ്രീലാന്‍സ് കോണ്‍ട്രിബ്യൂട്ടര്‍ മാത്രമാണെന്നും വ്യക്തികളുടെ വീക്ഷണങ്ങള്‍ സ്ഥാപനത്തിന്റെ വീക്ഷണമല്ലെന്നും കമ്പനി അറിയിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് സ്ഥാപനമെന്ന നിലയ്ക്കുള്ള തുടര്‍നടപടികള്‍ പോളിസിയനുസരിച്ച് തീരുമാനിക്കുന്നതായിരിക്കുമെന്നും റേഡിയോ മലയാളം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Most Popular