Saturday, January 29, 2022
HomeNewsfeedസൗദി കിരീടാവകാശി എംബിഎസ് ഖത്തറിലേക്ക്; സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാവും

സൗദി കിരീടാവകാശി എംബിഎസ് ഖത്തറിലേക്ക്; സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാവും

ദോഹ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തയാഴ്ച്ച ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് റിപോര്‍ട്ട്. അഞ്ച് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് എംബിഎസ് ഖത്തറിലും സന്ദര്‍ശനം നടത്തുകയെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഡിപിഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ജനുവരി 5ന് അല്‍ ഊലയില്‍ നടന്ന 41ാമത് ജിസിസി ഉച്ചകോടിക്ക് ശേഷം എംബിഎസ് നടത്തുന്ന ആദ്യ മേഖലാ പര്യടനമാണിത്. ഖത്തറിനെതിരേ 2017ല്‍ ആരംഭിച്ച ഉപരോധം അവസാനിപ്പിച്ച് കൊണ്ടുള്ള കരാര്‍ ഒപ്പുവച്ചത് ഈ ഉച്ചകോടിയിലാണ്.

ഒമാനിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലെത്തും.

ജിസിസി രാജ്യങ്ങള്‍ തമ്മില്‍ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം പ്രധാനപ്പെട്ട പ്രാദേശിക വിഷയങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവും. യമന്‍ ദേശീയ അനുരഞ്ജന സമ്മേളനത്തിന്റെ ഫലങ്ങളും യുഎന്‍ രക്ഷാസമിതിയുടെ 2216ാം നമ്പര്‍ പ്രമേയവും വിഷയമാവും. ഇറാന്‍ ആണവ പദ്ധതിയാണ് മറ്റൊരു വിഷയം.

42ാമത് ജിസിസി ഉച്ചകോടി ഡിസംബര്‍ 14ന് സൗദിയില്‍ നടക്കുമെന്നാണ് സൂചന. ഇറാന്‍ ആണവ പദ്ധതി ഈ സമ്മേളനത്തില്‍ ഒരു പ്രധാന ചര്‍ച്ചയാവുമെന്നാണ് റിപോര്‍ട്ട്. ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി സൗദിയുടെയും യുഎഇയുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിന് മധ്യസ്ഥം വഹിക്കാമെന്ന് ഖത്തര്‍ വാഗ്ദാനം നല്‍കിയിരുന്നു.

Most Popular