കോവിഡ് വ്യാപനം തുടര്‍ന്നാല്‍ ഖത്തറില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തും

education ministry qatar

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപന സാഹചര്യമുണ്ടായാല്‍ സ്‌കൂളുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദി അറിയിച്ചു. സ്‌കൂളുകളിലെ ഹാജര്‍ നിരക്ക് കുറക്കുന്നതിനെ കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തില്‍നിന്നുള്ള പ്രത്യേക സമിതിയുമായി ചേര്‍ന്ന് തീരുമാനമെടുക്കും. രണ്ടാം സെമസ്റ്ററില്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ഹാജര്‍നില 50 ശതമാനത്തിനപ്പുറം വര്‍ധിച്ചിട്ടില്ലെന്നും രോഗം വ്യാപിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ ഇതു കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ നിലവില്‍ 50 ശതമാനം വിദ്യാര്‍ഥികളാണ് എത്തേണ്ടത്. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നടന്നത്. നിശ്ചിത കാലയളവില്‍ നിശ്ചിത ശതമാനം വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവര്‍ ഓണ്‍ലൈനായും ക്ലാസില്‍ പങ്കെടുക്കുന്ന രീതിയാണ് തുടരുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത കുട്ടികള്‍ അടുത്ത കാലയളവില്‍ നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കും. എല്ലാവരുടെയും ഹാജര്‍ നിര്‍ബന്ധവുമാണ്. അധ്യാപകരും മറ്റു ജീവനക്കാരും മുഴുസമയവും സ്‌കൂളില്‍ ഹാജരുണ്ടാകണം. അതേസമയം കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.