ഖത്തറില്‍ സ്കൂളുകൾ പൂർണമായും തുറന്നു  ; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല

ദോഹ ∙ കോവിഡിനെ പിടിച്ച് കെട്ടാൻ സാധിച്ചതോടെ ഖത്തറിലെ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിദ്യാഭ്യാസ മേഖല നൂറു ശതമാനം ശേഷിയില്‍ പ്രവർത്തനം ആരംഭിച്ചു. മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ് മുറിയിലെത്തി . കോവിഡ് നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലായതോടെയാണ് വിദ്യാഭ്യാസ മേഖല പഴയകാലത്തിലേക്ക് മടങ്ങിയെത്തിയത്.

ഒപ്പം രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും കര്‍ശന കോവിഡ് മുന്‍കരുതല്‍ നിര്‍ബന്ധമാണ്. വാക്‌സീനെടുക്കാത്തവരും ഭാഗികമായ വാക്‌സീനെടുത്തവരുമായ 12 ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കും എല്ലാ ആഴ്ചകളിലും റാപ്പിഡ് ആന്റിജന്‍ അല്ലെങ്കില്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. അതെ സമയം കോവിഡ് മുക്തരായവര്‍ക്ക് പരിശോധന വ്യവസ്ഥ ബാധകമല്ല.

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഇന്നു മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. അതേസമയം, അടഞ്ഞ പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പ്രദര്‍ശന വേദികള്‍, ഇവന്റുകള്‍,സ്‌കൂളുകള്‍, പള്ളികള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി . തുറന്ന സ്ഥലത്ത് ഉപഭോക്താക്കളുമായി സമ്ബര്‍ക്കം പുലര്‍ത്തേണ്ടുന്ന ജോലി ചെയ്യുന്നവരെല്ലാം ജോലി സമയങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ പാടുള്ളതല്ല .