അതിവേഗ റെയില്‍പ്പാത അടുത്ത വര്‍ഷം: മന്ത്രി ഇ പി ജയരാജന്‍

ദോഹ: കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന സെമിസ്പീഡ് റെയില്‍ പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ ഒററ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നാല് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ നാളെ നടക്കുന്ന കേരള ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പ്രവാസി മലയാളികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപത്തിന് ആവശ്യമായ എല്ലാ സാഹചര്യവുമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കേരളം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികള്‍ക്ക് വലിയ പങ്കു വഹിക്കാനാവും. ഒരു വ്യവസായ ആശയവുമായി എത്തിയാല്‍ മൂന്ന് മാസങ്ങള്‍ കൊണ്ട് അത് ആരംഭിക്കാന്‍ സാധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇപ്പോള്‍ നടത്തുന്ന വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആവശ്യമായ പണം സര്‍ക്കാര്‍ കിഫ്ബിയിലൂടെ കണ്ടെത്തിയതാണെന്ന് മന്ത്രി പറഞ്ഞു.

ലോകം മാറുന്നതിന് അനുസരിച്ച് നമ്മളും മാറേണ്ടതുണ്ട്. ഹെലികോപ്ടറില്‍ സഞ്ചരിക്കേണ്ടത് ആവശ്യമായ സ്ഥാനത്ത് ഹെലികോപ്ടര്‍ തന്നെ ഉപയോഗിക്കണം. പണ്ട് കള്ളലോഞ്ചിയില്‍ കയറി ഗള്‍ഫില്‍ പോയവര്‍ ഇപ്പോള്‍ വിമാനത്തിലല്ലേ പോകുന്നതെന്നും മന്ത്രി ചോദിച്ചു.

പോലിസിന് പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു. പഴയ ചില ദുശ്ശീലങ്ങള്‍ ഇപ്പോഴും പിന്തുടരുന്നവര്‍ പോലിസിലുണ്ട്. ആവശ്യമെങ്കില്‍ അതില്‍ തിരുത്തലുകള്‍ വരുത്തുമെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി.

കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, വൈസ് പ്രസിഡന്റ ജെന്നി ആന്റണി, ട്രഷറര്‍ സാബിത്ത് ഷഹീര്‍, നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി, പ്രമോദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.