ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കുന്നു. ഇന്ന് എഴുപേരാണ് രോഗം ബാധിച്ച് മരിച്ചത്. സൗദിയില്‍ നാല്, യുഎഇയിലും കുവൈത്തിലും ഒമാനിലും ഒരാള്‍ വീതമാണ് മരിച്ചത്. കുവൈത്തിലെ ആദ്യത്തെ കൊറോണ മരണമാണ് ഇന്നത്തേത്.
സൗദി അറേബ്യയിലെ മദീനയില്‍ ഒരു പ്രവാസിയും സൗദി വനിതയും, ജിദ്ദയിലും മക്കയിലും രണ്ട് പ്രവാസികളുമാണ് മരിച്ചത്.
ഇന്ന് 140 പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചു. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 2179 ആയി. 1730 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ പ്രവേശന നിയന്ത്രണവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ജിദ്ദ ഗവര്‍ണറേറ്റിലെ കിലോ 14 ജുനൂബ്, കിലോ 14 ശിമാല്‍, അല്‍ മഹ്ജര്‍, ഉലൈല്‍, അല്‍ ഖുര്‍യാത്, കിലോ 13, പെട്രോമിന് എന്നീ മേഖലകള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തു. ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകാനോ പുറമെ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനോ പാടില്ല.
യുഎഇയില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചതിനു പിന്നാലെ 241 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1505 ആയി. 53 വയസുള്ള അറബ് വനിതയാണ് ഇന്ന് മരിച്ചത്. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 10 ആയി. ഇന്ന് 17 പേര് കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ ഇന്ന് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. 46 വയസ്സുള്ള ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. ഇന്ന് 62 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് ഇന്ത്യക്കാരാണ്.
ഒമാനില്‍ ഇന്ന് 25 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയര്‍ന്നു. കോവിഡ് ബാധിതനായ ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
seven more corona deaths in gulf contires