ദോഹ: കോവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവ് പ്രകടമാക്കി ഖത്തര്‍ പ്രവാസി. തൃശൂര്‍ സ്വദേശി ഷിഹാര്‍ ഹംസയാണ് നൂറിലധികം ഛായാചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച് പൂര്‍ത്തിയാക്കിയത്. 100-ാമത്തെ ചിത്രമായി പൂര്‍ത്തിയാക്കിയത് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി ഉള്‍പ്പെടെ കോവിഡ് പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച ഖത്തറിന്റെ ഉരുക്കുവനിതകളെന്ന വിശേഷണത്തിന് അര്‍ഹരായ അഞ്ചു പേരുടേതാണ്.
വാട്ടര്‍ കളറിലാണ് പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന് മുഹമ്മദ് അല്‍ കുവാരി, ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ റാഷിദ് അല്‍ കാതര്, ഹമദ് മെഡിക്കല്‍ കോര്പറേഷന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി, റുമൈല ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഹനാദി ഹാമിസ് അല്‍ ഹമദ്, ഹമദ് മെഡിക്കല്‍ കോര്പറേഷന് കോര്‍പറേറ്റ് ഇന്ഫക്ഷന് പ്രിവന്‍ഷന്‍-കണ്ട്രോള് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജമീല അല്‍ അജ്മി എന്നിവരുടെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കോവിഡിന്റെ തുടക്കം മുതല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉചിതമായ ആദരമര്‍പ്പിക്കണമെന്ന ചിന്തയിലായിരുന്ന താനെന്ന് ചിത്രകാരന് കൂടിയായ തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഷിഹാര്‍ ഹംസ പറഞ്ഞു. തുടര്‍ന്നാണ് പോര്‍ട്രെയ്റ്റുകള്‍ വരച്ച് അവര്‍ക്ക് സമ്മാനമായി നല്കാന് തീരുമാനിച്ചത്. സുഹൃത്തായ മലയാളി ഡോക്ടറിന്റെ ചിത്രമാണ് ആദ്യം വരച്ചത്. ഖത്തര്‍ ഗ്യാസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായ ഷിഹാര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ ഛായാചിത്രങ്ങളുടെ പണിപ്പുരയിലാണ്.
നാലു മാസത്തിനിടെ വിവിധ രാജ്യക്കാരായ ഡോക്ടര്‍മാരും നഴ്സുമാരും ഷിഹാറിന്റെ ക്യാന്‍വാസില്‍ പതിഞ്ഞു. 70 ശതമാനം ചിത്രങ്ങളും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രാഥമിക ആരോഗ്യ കോര്പറേഷന്, റെഡ് ക്രസന്റ് തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടേതാണ്. പൂര്‍ത്തിയാക്കിയ 105 ചിത്രങ്ങളില്‍ ഷിഹാറിന് നേരിട്ട് പരിചയം ആദ്യ പോര്‍ട്രെയ്റ്റിലെ ഡോക്ടറെ മാത്രമാണ് എന്നതാണ് കൗതുകം. ഓരോ ദിവസവും ഓരോ ആരോഗ്യപ്രവര്‍ത്തകരുടെ ഛായാചിത്രങ്ങളാണ് പെന്‍സില്‍ മാധ്യമമാക്കി ഷിഹാര്‍ വരച്ചത്. ഓരോ മുഖവും അതേപടി തന്നെയാണ് ക്യാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നതെന്നതും ചിത്രകാരന്റെ മികവ് പ്രകടമാക്കുന്നു.
ഭാര്യ ഫര്‍സാനയും മക്കളായ ഷെസ, സറിന്, നസ്നീന് എന്നിവര്‍ ഷിഹാറിന് പിന്തുണയായി ഒപ്പമുണ്ട്.