ദോഹ: എണ്ണവിപണിയിലെ പ്രതിസന്ധിയും മറ്റും മൂലം ഖത്തര്‍ നേരത്തേ ഉപേക്ഷിച്ചിരുന്ന ശര്‍ഖ് പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നു. ഉപരോധത്തിന്റെ നിഴലില്‍ നിന്ന് കരകയറി ഖത്തര്‍ വീണ്ടും സാമ്പത്തിക ഭദ്രതകൈവരിക്കുന്നതിന്റെ തെളിവായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്.
1200 കോടിയിലേറെ ഡോളര്‍ ചെലവ് വരുന്ന ഖത്തറിലെ ശര്‍ഖ് ക്രോസിങ് പദ്ധതി നടപ്പില്‍ വരുത്തുന്നതിന് പ്രധാനമന്ത്രി കമ്പനികളെ ക്ഷണിച്ചതായി അശ്ഗാല്‍ ട്വിറ്ററില്‍ അറിയിച്ചു. പ്രാദേശിക കമ്പനികളുടെയും അന്താരാഷ്ട്ര കമ്പനികളുടെയും കണ്‍സോര്‍ഷ്യത്തെയാണ് പദ്ധതിയുടെ നിര്‍മാണത്തിന് വേണ്ടി ക്ഷണിക്കുന്നത്.
മൂന്ന് പാലങ്ങളെ കടലിനടിയിലൂടെയുള്ള ടണല്‍ വഴി ബന്ധിപ്പിക്കുന്ന ഈ അദ്ഭുത പദ്ധതി ഹമദ് രാജ്യാന്തര വിമാനത്താവളം മുതല്‍ വെസ്റ്റ് ബേയെ ബന്ധിപ്പിച്ചു കതാറ വരെ നീളുന്ന പാതയാണ്. ഇതില്‍ എട്ടു കിലോമീറ്ററും കടലിനടിയില്‍ക്കൂടിയാണ്. മൂന്നു വന്‍ പാലങ്ങള്‍ ബാക്കിഭാഗത്തെ കരയുമായി ബന്ധിപ്പിക്കും. ഒരു മണിക്കൂറില്‍ 6000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. വെസ്റ്റ്‌ബേ പാലം, കത്താറ പാലം, ഈസ്റ്റ് പാലം എന്നിങ്ങനെ മൂന്ന് പാലങ്ങളാണുണ്ടാവുക. 600 മുതല്‍ 1300 കിലോമീറ്റര്‍ വരെ നീളമുള്ളതായിരിക്കും ഈ പാലങ്ങള്‍.
ഷെറാട്ടണിനും ഫോര്‍ സീസണ്‍സ് ഹോട്ടലിനും മധ്യേയാണ് വെസ്റ്റ് ബേ പാലം വരുന്നത്. കടലിലേക്കു നീളുന്ന പാലവും ഏറെ പ്രത്യേകതയുള്ളതാണ്. കമാനത്തിന്റെ മുകളിലൂടെ കേബിള്‍ കാറില്‍ സഞ്ചരിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുങ്ങും. ഇതിനോടു ചേര്‍ന്ന് ഉയരത്തില്‍ നടപ്പാതയും പരിഗണനയിലുണ്ടായിരുന്നു. ദോഹയുടെ കാഴ്ച ആകാശത്തുനിന്ന് കാണാന്‍ കഴിയുംവിധമാണിത്. കടലില്‍ ഒരുക്കുന്ന പാര്‍ക്കിലേക്കാണ് പാത നീളുന്നത്. ബോട്ടിന്റെ ആകൃതിയില്‍ ഒരുങ്ങുന്ന കവാടത്തിനുള്ളിലേക്ക് കടന്നു വാഹനങ്ങള്‍ക്കു ടണലില്‍ പ്രവേശിക്കാം. ഇതിനോടു ചേര്‍ന്നു മറീനയും ഒരുക്കും.
അന്താരാഷ്ട്ര നിലവാരം അനുസരിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുക. കടലിനടിയില്‍ കൂടിയുള്ള ടണലില്‍ ഇരുവശത്തേക്കും മൂന്ന് വരികള്‍ ഉണ്ടാവും.