ഖത്തറില്‍ മൂന്നുപേര്‍ക്കു കൂടി കൊറോണ; മാളുകളിലെ റീട്ടെയില്‍ സ്റ്റോറുകളും ബാങ്ക് ബ്രാഞ്ചുകളും ബാര്‍ബര്‍ ഷോപ്പുകളും നാളെ മുതല്‍ അടക്കും

ദോഹ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ കടുത്ത നടപടിളുമായി ഖത്തര്‍. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

മാളുകളിലെയും ഷോപ്പിങ് സെന്ററുകളിലെയും റീട്ടെയില്‍ സ്റ്റോറുകളും ബാങ്ക് ബ്രാഞ്ചുകളും അടക്കും. എന്നാല്‍, ഫുഡ്ഔട്ട്‌ലെറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും ഇളവ് അനുവദിക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമുള്ള മുഴുവന്‍ സലൂണുകളും അടക്കും. ഹോട്ടലുകളിലെ ഹെല്‍ത്ത് ക്ലബ്ബുകളും അടക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലൗല റാഷിദ് അല്‍ ഖാത്തര്‍ പറഞ്ഞു. (നേരത്തേ രാജ്യത്തെ മുഴുവന്‍ ഷോപ്പുകളും അടയ്ക്കുമെന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റാണ്)

സ്ട്രീറ്റ് നമ്പര്‍ 1 മുതല്‍ സ്ട്രീറ്റ് നമ്പര്‍ 32വരെയുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ ഒരു ഭാഗം മാര്‍ച്ച് 17 മുതല്‍ രണ്ടാഴച്ചത്തേക്ക് അടക്കും. ഇവിടെ നിരവധി പേര്‍ക്ക് കൊറോണ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍, ഇവിടെ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. കമ്പനികളുമായി സഹകരിച്ച് നിശ്ചിത തിയ്യതികളില്‍ ശമ്പളവും നല്‍കും. തൊഴില്‍ മന്ത്രാലയം, ഖത്തര്‍ ചാരിറ്റി എന്നിവയുടെ സഹകരണത്തോടെ ഇവര്‍ക്ക് മാസ്‌കുകള്‍, സ്റ്റെറിലൈസറുകള്‍ തുടങ്ങിയവ വിതരണം ചെയ്യും. അവശ്യ പദ്ധതികളെ ബാധിക്കാത്ത രീതിയില്‍ ജോലികള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

മൂന്നുപേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചതായും അവര്‍ വ്യക്തമാക്കി. ഇതില്‍ രണ്ടു പേര്‍ ക്വാരന്റൈനില്‍ ഉള്ളവരും ഒരാള്‍ പുറത്തുള്ള ഹൗസ് ഡ്രൈവറുമാണ്.

അടുത്ത രണ്ടാഴ്ച്ച വളരെ നിര്‍ണായകമായതിനാല്‍ രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ആളുകളും സാമൂഹിക ഇടപെടല്‍ പരമാവധി ഒഴിവാക്കണമെന്ന് ലൗല അല്‍ഖാത്തര്‍ അഭ്യര്‍ഥിച്ചു.