പണപ്പെരുപ്പം നേരിടാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് ശൂറ കൗണ്‍സില്‍

ദോഹ: പണപ്പെരുപ്പം, ഉയര്‍ന്ന ജീവിതച്ചെലവ്, പൗരന്മാരുടെ വര്‍ധിച്ച സാമ്പത്തിക ബാധ്യതകള്‍ എന്നിവയ്ക്കു പരിഹാരം കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഖത്തര്‍ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ശൂറ കൗണ്‍സില്‍ തീരുമാനിച്ചു.

ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യോഗത്തില്‍ സാമ്പത്തികകാര്യ സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനു ശേഷമാണ് നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ തീരുമാനമായത്.

പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള നിരവധി ശിപാര്‍ശകളും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളും ശൂറ കൗണ്‍സില്‍ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനിടയില്‍, പണപ്പെരുപ്പത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉയര്‍ന്ന ജീവിതച്ചെലവുകളെക്കുറിച്ചും ശൂറ സ്പീക്കര്‍ പരാമര്‍ശിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണെന്നും ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം പറഞ്ഞു.