കോവിഡ് ടെസ്റ്റ് ഫലത്തെ അട്ടിമറിക്കുന്ന വൈറസ് വകഭേദം ഖത്തറിലെ സിദ്‌റ മെഡിസിന്‍ കണ്ടെത്തി

sidra medicine

ദോഹ: കോവിഡ് ടെസ്റ്റ് ഫലത്തെ പ്രതികൂലമായി ബാധിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം സിദ്‌റ മെഡിസിനിലെ പാത്തോളജി ആന്റ് ജീനോമിക്‌സ് ടീമിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് ടെസ്റ്റ് സെന്ററുറകള്‍ ഇത്തരം വകഭേദത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ടെസ്റ്റിങ് രീതികള്‍ നിരന്തരം പുതുക്കി കൊണ്ടിരിക്കണമെന്നും സംഘം മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ ഫലം തെറ്റായി നെഗറ്റീവ് ആണെന്ന് കാണിക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

പുതിയ കണ്ടെത്തല്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും കോവിഡിന്റെ ആരംഭം മുതല്‍ പിസിആര്‍ ടെസ്റ്റിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, വൈറസിന്റെ ജനിതക ഘടനയില്‍ നിരന്തരം മാറ്റം വരുന്നത് ഈ ടെസ്റ്റിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് സിദ്‌റ മെഡിസിനിലെ പാത്തോളജി വിഭാഗം ക്ലിനിക്കല്‍ മോളിക്യുലാര്‍ മൈക്രോബയോളജിസ്റ്റ് ഡോ. മുഹമ്മദ് റുബായത്ത് ഹസന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ വൈറസിനെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന രീതികള്‍ നിരന്തരം പുതുക്കി കൊണ്ടിരിക്കേണ്ടതുണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO WATCH