ദോഹ: ആറ് വയസ്സുകാരനായ ഖത്തറിലെ മലയാളി വിദ്യാര്‍ഥി മൂന്ന് ലോക റെക്കോഡുകള്‍ കൂടി സ്വന്തമാക്കി. ഒലീവ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ ഒന്നാം തരം വിദ്യാര്‍ഥി ആബേല്‍ റോയ് അബ്രഹാമാണ് അപാരമായ ഓര്മ ശക്തിയിലൂടെ ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ മൂന്ന് തവണ കൂടി തന്റെ പേര് കൂട്ടിച്ചേര്‍ത്തത്.
ഔട്ട്ലൈന് മാത്രമുള്ള മാപ്പില്‍ 198 രാജ്യങ്ങള്‍ തിരിച്ചറിഞ്ഞതാണ് ആദ്യത്തെ റെക്കോഡ്. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പേരുകള്‍ സംഗീത രൂപത്തില്‍ അതിവേഗം പറഞ്ഞു പൂര്‍ത്തിയാക്കിയതാണ് മറ്റൊരു റെക്കോഡ്. 1 മിനിറ്റും 28 സെക്കന്റും കൊണ്ടാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. 50 യുഎസ് സംസ്ഥാനങ്ങളുടെ പതാക തിരിച്ചറിഞ്ഞതാണ് മൂന്നാമത്തെ റെക്കോഡ്.
മുഴുവന്‍ രാജ്യങ്ങളുടെയും ടെറിറ്ററികളുടെയും 254 പതാകകള്‍ തിരിച്ചറിഞ്ഞ് ആബേല്‍ കഴിഞ്ഞ വര്‍ഷം ലോക റെക്കോഡിട്ടിരുന്നു. മലയാളികളായ റോബി അബ്രഹാമിന്റെയും സൗമ്യ ജോര്‍ജിന്റെയും മകനാണ് ആബേല്‍. സഹോദരന് ആദം ജോര്‍ജ്. ക്വിസ്, സ്പെല്‍ ബീ മല്‍സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ആബേല്‍ സ്ഥിരമായി സമ്മാനങ്ങള്‍ നേടാറുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.