സ്‌കില്‍സ് നൃത്തസംഗീത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം 13ന്

ദോഹ: ദോഹയിലെ പ്രശസ്ത കലാ സാംസ്‌കാരിക കേന്ദ്രമായ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ നൃത്ത സംഗീത വിദ്യാര്‍ഥികള്‍ക്കായി സ്വരലയ 2019 എന്ന പേരില്‍ അരങ്ങേറ്റം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13ന് ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ പ്രത്യേക വേദിയിലായിരിക്കും പരിപാടി നടക്കുക.

ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ കര്‍ണാടക സംഗീതം, ഭരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ തങ്ങളുടെ ആദ്യ രംഗപ്രവേശം നടത്തും. വൈകീട്ട് 4ന് അല്‍തുമാമ ബ്രാഞ്ചിലെ നൃത്ത സംഗീത പരിപാടികളോടെയാണ് പ്രോഗ്രാമിന് തുടക്കം കുറിക്കുക. 6 മണിക്ക് ന്യുസലത്ത ബ്രാഞ്ചിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റം നടക്കും. 7 മണിക്ക് നടക്കുന്ന പൊതുപരിപാടിയില്‍ ദോഹയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും. ഇന്ത്യയിലെ പ്രശസ്ത ഭരതനാട്യം നര്‍ത്തകി സ്‌നേഹ നാരായണന്‍ മുഖ്യാതിഥിയാവും.

അരങ്ങേറ്റത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഡിസംബര്‍ 15ന് വൈകീട്ട് 7ന് ഐസിസി അശോക ഹാളില്‍ സ്‌നേഹ നാരായണന്റെ ഭരതനാട്യം നടക്കുമെന്നും സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലാമണ്ഡലം ദേവി, കലാമണ്ഡലം സിംന, കലാമണ്ഡലം ഫസീല, കലാമണ്ഡലം ആര്യശ്രീ, ശ്രീക്കുട്ടി, സുനില്‍ രവി കുമാര്‍, ആഷിക് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.