നജ്മയിലെ സൂഖ് ഹറാജ് പൂട്ടി

ദോഹ: നജ്മയിലെ ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന വിപണിയായ സൂഖ് ഹറാജ് താല്‍ക്കാലികമായി പൂട്ടി. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാര്‍ക്കറ്റ് പൂട്ടാന്‍ വാണിജ്യ മന്ത്രാലയം തീരുമാനിച്ചത്.

നേരത്തേ രാജ്യത്തെ വിദ്യാലയങ്ങള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ പൂട്ടിയിരുന്നു. റസ്റ്റോറന്റുകളിലെയും കഫേകളിലെയും ഡൈനിങ് മുറികളും മാളുകളിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും പൂട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

സാധാരണക്കാരായ ഉപഭോക്താക്കള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന പ്രദേശമാണ് സൂഖ് ഹറാജ്. ഈ മേഖലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതു കൊണ്ടാണോ അതോ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനാണോ പുട്ടാനുള്ള തീരുമാനമെന്ന് വ്യക്തമല്ല.