ദോഹ: യാത്രക്കാരുടെ കൈവശം 50,000 റിയാലില്‍ അധികം മൂല്യമുള്ള കറന്‍സി, നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുണ്ടെങ്കില്‍ നിര്‍ബന്ധമായും മുന്‍കൂട്ടി വിവരം അറിയിക്കണമെന്ന് ഖത്തര്‍ കസ്റ്റംസ്. ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍, പുറത്തേക്ക് പോകുന്ന യാത്രക്കാര്‍, കയറ്റുമതിക്കാര്‍, ഇറക്കുമതിക്കാര്‍ എന്നിവര്‍ക്കെല്ലാം നിര്‍ദേശം ബാധകമാണ്. കൈവശമുള്ള മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കി കസ്റ്റംസ് ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണമെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമാണ്.
50,000 റിയാലില്‍ അധികം മൂല്യമുള്ള കറന്‍സി രാജ്യത്തേയ്ക്ക് കൊണ്ടുവരുകയോ പുറത്തേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യുന്നതെങ്കില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആണെങ്കില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി തേടണം. കസ്റ്റംസ് ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം ബില്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. കസ്റ്റംസ് ഓഫിസര്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖകളും നല്കാന് യാത്രക്കാരന് ബാധ്യസ്ഥനാണ്.
ഖത്തരി റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സികള്‍, ബാങ്ക് ചെക്കുകള്‍, ഒപ്പുവച്ച പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍, അമൂല്യമായ കല്ലുകള്‍, (വജ്രം, മരതകം, മാണിക്യം, ഇന്ദ്രനീലം, പവിഴം) സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ സാധനങ്ങള്‍ കൈവശമുണ്ടെങ്കിലും അറിയിക്കണം.
കസ്റ്റംസ് ഡിക്ലറേഷന്‍ അപേക്ഷയിലെ വിവരങ്ങളില്‍ വ്യക്തത തേടിയാല്‍ അക്കാര്യം അറിയിക്കണം. യാത്രക്കാരന് തെറ്റായ വിവരങ്ങള്‍ നല്കിയാല് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷ അല്ലെങ്കില്‍ ഒരു ലക്ഷം റിയാലില്‍ കുറയാത്തതും അഞ്ച് ലക്ഷം റിയാലില്‍ കൂടാത്തതുമായ തുക അല്ലെങ്കില്‍ കൈമാറ്റം ചെയ്യുന്ന തുകയുടെ മൂല്യത്തിന്റെ ഇരട്ടി എന്നിവയില്‍ ഏതാണോ വലിയ തുക ആ തുക പിഴയായി നല്‍കേണ്ടി വരും. കയ്യിലുള്ള പണവും വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.