പ്രേക്ഷകമനം കവർന്ന “നക്ഷത്രങ്ങൾ കരയാറില്ല” ഡോക്യൂ ഡ്രാമ വലിയ പെരുന്നാൾ ദിനത്തിൽ വീണ്ടുമെത്തുന്നു

ഖത്തർ: പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തു കൊണ്ട് അതിജയിച്ച്‌, മാനവരാശിക്ക് സമത്വത്തിന്റെയും വിമോചനത്തിന്റെയും  വിസ്മയ ചരിത്രം നൽകിയ  ബിലാൽ ഇബ്നു റബ്ബാഹിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ  “നക്ഷത്രങ്ങൾ കരയാറില്ല” ഡോക്യൂ-ഡ്രാമ വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്കെത്തുന്നു. തനിമ ഖത്തറും യൂത്ത്ഫോറം ഖത്തറും സംയുക്തമായാണ് പ്രശസ്ത ഡോക്യൂ-ഡ്രാമയുടെ പുനരാവിഷ്ക്കാരം ഓൺലൈനിലൂടെ അവതരിപ്പിക്കുന്നത്. വലിയ പെരുന്നാൾ ദിനത്തിൽ വൈകീട്ട് 7 മണിക്ക് യൂത്ത് ഫോറത്തിന്റെയും തനിമയുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് ആയിട്ടാണ് പ്രോഗ്രാം ഉണ്ടാവുക.
ഉസ്മാൻ മാരാത്ത് രചനയും രംഗ ഭാഷ്യവുമൊരുക്കിയ “നക്ഷത്രങ്ങൾ കരയാറില്ല” ഡോക്യൂ-ഡ്രാമ 2012 മെയ് മാസത്തിലാണ് ആദ്യമായി അരങ്ങിലെത്തിയത്. അറേബ്യൻ അടിമത്തത്തിന്റെ കഥയിൽ തുടങ്ങി പ്രവാചകന്റെ നിയോഗവും, അടിമത്തത്തിനെതിരിൽ ഇസ്‌ലാമിന്റെ ആദർശപോരാട്ടം വിജയം വരിക്കുമ്പോൾ കറുത്ത അടിമയായിരുന്ന ബിലാൽ തന്നെ അതിന്റെ വിജയപ്രഖ്യാപനം നടത്തുന്ന ചരിത്രത്തിന്റെ കാവ്യനീതിയും അവസാനം പ്രവാചകന്റെ വിയോഗം അനുചരരിൽ തീർത്ത ദുഃഖവും “നക്ഷത്രങ്ങൾ കരയാറില്ല” മനോഹരമായി രംഗത്ത് അവതരിപ്പിച്ചു. മൂന്നു സ്റ്റേജുകളിലായി അറേബ്യൻ പാരമ്പര്യത്തിന്റെയും ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെയും രംഗങ്ങൾ പകർത്തിയപ്പോൾ, ദോഹയിലെ അൻപതോളം പ്രവാസി മലയാളി കലാകാരന്മാരാണ് അരങ്ങിലെത്തി അവക്കു ജീവൻ പകർന്നത്.
കൂടാതെ അണിയറയിൽ നാടക സംഗീത സിനിമ പ്രവർത്തകരും ഈ അവതരണത്തിന് മിഴിവേകാൻ ഒത്തു ചേർന്നു.
ജമീൽ അഹമ്മദ്, പി ടി അബ്ദു റഹ്മാൻ, കാനേഷ് പൂനൂർ, ഖാലിദ് കല്ലൂർ എന്നിവരുടെ വരികൾക്ക് ഷിബിലി, അമീൻ യാസിർ, അൻഷദ് എന്നിവർ സംഗീതം നൽകി, പ്രമുഖ ഗായകരായ അൻവർ സാദാത്ത്, അരുൺ കുമാർ, അൻഷദ്, നിസ്താർ ഗുരുവായൂർ എന്നിവർ ആലപിച്ച  ഡോക്യൂ ഡ്രാമയിലെ ഒൻപതോളം ഗാനങ്ങൾ ദൃശ്യങ്ങൾക്ക് പുതു ജീവൻ നൽകി. സിംഫണി ദോഹ നിർവഹിച്ച ശബ്ദവും വെളിച്ചവും നാടകത്തിന്റെ മാറ്റു കൂട്ടുന്നതിൽ വലിയ പങ്കു വഹിച്ചു. അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ മൈതാനിയിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രേക്ഷകരുടെ മനം നിറച്ചാണ് ഒരു കാലഘട്ടത്തിന്റെ കഥപറഞ്ഞ നാടകത്തിനു തിരശീലഃ വീണത്.
ഒരിക്കൽക്കൂടി കാണുവാൻ പ്രേക്ഷകർ കൊതിരിച്ചിരുന്ന ഡോക്യൂ-ഡ്രാമയുടെ ആദ്യത്തെ രംഗദൃശ്യങ്ങളോടൊപ്പം പുതിയ വിഷ്വലുകൾ കൂടി ഒരുക്കി കൊണ്ടാണ് ഇത്തവണ ഓൺലൈനിലൂടെ വീണ്ടും  പ്രേക്ഷകരിലേക്കെത്തുന്നത്. വലിയ പെരുന്നാൾ ദിനത്തിൽ കുടുംബ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.