ദോഹ: ഖത്തറില്‍ നിന്ന് ഏതാനും തൊഴിലാളികളെ നാടു കടത്തിയത് സംബന്ധിച്ച് ആനംസ്റ്റി ഇന്റര്‍നാഷനലിന്റെ ആരോപണം ഖത്തര്‍ തള്ളി. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്ന് ഏതാനും തൊഴിലാളികളെ നാടുകടത്തിയതെന്ന് ഗണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസി അറിയിച്ചു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആരംഭിച്ചതു മുതല്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഖത്തറിനെതിരേ തെറ്റായ പല ആരോപണങ്ങളും ഉന്നയിച്ചുവരുന്നതായി അധികൃതര്‍ ആരോപിച്ചു. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസംരക്ഷണത്തിന് ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഇത്തരം ആരോപണങ്ങള്‍.
കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഉള്‍പ്പെടെ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഖത്തര്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെ ചില തൊഴിലാളികള്‍ നിരോധിത വസ്തുക്കള്‍ നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതായി കണ്ടെത്തി. ആരോഗ്യത്തിന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പനയും കണ്ടെത്തിയിരുന്നു. ഇതിന് ഉത്തരവാദികളായവരെ ഖത്തറിന്റെ നിയമ നടപടികള്‍ പാലിച്ചുകൊണ്ടാണ് നാടുകടത്തിയത്. ഇന്‍ഡസ്ട്രയില്‍ ഏരിയയില്‍ ക്വാരന്റൈന്‍ നടപ്പിലാക്കുന്നതിന് മുമ്പാണ് ഇതെന്നും കമ്യൂണിക്കേഷന്‍ ഓഫിസ് വിശദീകരിച്ചു.
അറസ്റ്റ് ചെയ്തവര്‍ക്ക് അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള എല്ലാ മാനുഷിക പരിഗണനയും നല്‍കിയിരുന്നുവെന്നും ഖത്തര്‍ വിശദീകരിച്ചു.
അതേ സമയം, കൊറോണ പരിശോധനയ്‌ക്കെന്ന വ്യാജേന നേപ്പാളില്‍ നിന്നുള്ള നിരവധി തൊഴിലാളികളെ പിടികൂടി നാടുകടത്തിയെന്നാണ് ആംനസ്റ്റിയുടെ അവകാശവാദം. മാര്‍ച്ച് 12, 13 തിയ്യതികളിലാണ് സംഭവം നടന്നതെന്നും ആംനസ്റ്റി വെബ്‌സൈറ്റ് ആരോപിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബര്‍വ സിറ്റി, ലേബര്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കെതിരേയാണ് നടപടി ഉണ്ടായതെന്നും ആംനസ്റ്റി റിപോര്‍ട്ടില്‍ പറയുന്നു.
Statement by the Government Communications Office in response to Amnesty International’s report regarding repatriated workers