Saturday, October 23, 2021
HomeNewsfeedമയക്ക് മരുന്ന് കള്ളക്കടത്ത് തടയാന്‍ ഇ-കൊമേഴ്‌സ്, പോസ്റ്റല്‍ പാര്‍സലുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഖത്തര്‍

മയക്ക് മരുന്ന് കള്ളക്കടത്ത് തടയാന്‍ ഇ-കൊമേഴ്‌സ്, പോസ്റ്റല്‍ പാര്‍സലുകളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഖത്തര്‍

ദോഹ: മയക്ക് മരുന്ന് കള്ളക്കടത്ത് തടയുന്നതിന് പോസ്റ്റല്‍ വഴിയും ഇ-കൊമേഴ്‌സ് സംവിധാനങ്ങള്‍ വഴിയും അയക്കുന്ന പാക്കറ്റുകളില്‍ കര്‍ശന പരിശോധന നടത്തിവരുന്നുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ജനറല്‍ ഡയറക്ടറേറ്റ്. മയക്ക് മരുന്ന് കടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മയക്ക് മരുന്ന്, മാനസിക ചികില്‍സയ്ക്ക്(സൈക്കോട്രോപിക്) ഉപയോഗിക്കുന്ന അപകടകരമായ മരുന്ന്(എന്‍ഡിഡിപിഎസ്) എന്നിവ നിയന്ത്രിക്കുന്നതിനുള്ള നിയമമാണ് 1987ലെ 9ാം നമ്പര്‍ നിയമത്തിലുള്ള ആര്‍ട്ടിക്കിള്‍ 37. ഇതു പ്രകാരം ഇത്തരം വസ്തുക്കള്‍ ഇറക്കുമതി ചെയ്യല്‍, കൈവശം വയ്ക്കല്‍, വാങ്ങല്‍, സ്വീകരിക്കല്‍ കടത്തല്‍, ഉല്‍പ്പാദിപ്പിക്കല്‍, നിര്‍മിക്കല്‍, ഇതുമായി ബന്ധപ്പെട്ട ചെടികള്‍ കൃഷി ചെയ്യല്‍ തുടങ്ങിയവ ആറ് മാസം മൂതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 10,000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെ പിഴയും അടക്കണം.

സൈക്കോട്രോപിക് വസ്തുക്കള്‍ അടങ്ങിയ എല്ലാ മരുന്നുകളും കൈയില്‍ വയ്ക്കന്നവര്‍ മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍, ഉപയോഗിക്കുന്ന തിയ്യതി, കാലയളവ്, കാരണങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കുന്ന രേഖ ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഫസ്റ്റ് ലഫ്റ്റനന്റ് അബ്ദുല്ല ഖാസിം പറഞ്ഞു.

 

Most Popular