ദോഹ: ഖത്തറില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്നതായി പരാതി. വ്യാജ കോളുകള്‍ക്കും എസ്എംഎസ് സന്ദേശങ്ങള്‍ക്കും പുറമേ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ തട്ടിപ്പ്. ഓണ്‍ലൈനില്‍ 31 റിയാലിന്റെ പിസ്സ ഓര്‍ഡര്‍ ചെയ്ത ഖത്തര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക് 6,000 റിയാല്‍ നഷ്ടപ്പെട്ടതായാണ് പരാതി.
ഓണ്‍ലൈനില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 31 റിയാല്‍ ആണ് ബില്ല് കാണിച്ചത്. എന്നാല്‍, അല്‍പ്പ സമയം കഴിഞ്ഞ് അക്കൗണ്ടില്‍ നിന്ന് 6,000 റിയാല്‍ പിന്‍വലിക്കപ്പെട്ടതായി മെസ്സേജ് വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ പിസ്സ ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് വ്യാജമായിരുന്നുവെന്ന് പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. ഒറ്റനോട്ടത്തില്‍ പ്രമുഖ പിസ്സ കമ്പനിയുടെ ഒറിജിനല്‍ വെബ്‌സൈറ്റ് എന്ന് തോന്നുന്ന രീതിയിലായിരുന്നു ഇതിന്റെ ഡൊമെയിന്‍ അഡ്രസും രൂപകല്‍പ്പനയും. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ റഷ്യയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായി-വിദ്യാര്‍ഥി പ്രാദേശിക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനോട് അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ കൂടി ഇത്തരത്തിലുള്ള പല വ്യാജ ഓഫറുകളും പ്രചരിക്കുന്നുണ്ട്. ആളുകളെ വീഴ്ത്തുന്ന രീതിയിലാണ് അവയില്‍ പലതും. വ്യക്തിഗത വിവരങ്ങളും പാസ്‌വേര്‍ഡും ഒടിപിയും ആവശ്യപ്പെട്ട് നിരവധി തരത്തിലുള്ള കോളുകള്‍ ലഭിക്കുന്നതായി ഖത്തറില്‍ പ്രവാസികള്‍ പരാതിപ്പെട്ടു. പലരും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
എടിഎം കാര്‍ഡ് ബ്ലോക്ക് മുതല്‍ ഇഹ്തിറാസ് അപ്‌ഡേഷന്‍ വരെ
എന്റെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തതായി അറിയിച്ചുകൊണ്ട് ഒരു കോള്‍ വന്നു. എന്നാല്‍, ആ സമയത്ത് ഞാന്‍ ഒരു ഓണ്‍ലൈന്‍ പേമെന്റ് നടത്തുകയായിരുന്നു. കാര്‍ഡിന് പ്രശ്‌നം ഉണ്ടെങ്കില്‍ ഞാന്‍ ബാങ്കിനെ ബന്ധപ്പെട്ടോളാം എന്ന് പറഞ്ഞപ്പോള്‍ വിളിച്ചയാള്‍ രോഷത്തോട് കൂടി ഫോണ്‍ കട്ട് ചെയ്തു- ദോഹയില്‍ ബിസിനസ് കണ്‍സള്‍ട്ടന്റായ റജീബ് ലാല്‍ പറഞ്ഞു. തുടര്‍ന്നും പല തവണ കോളുകള്‍ വന്നെങ്കിലും ഞാന്‍ കട്ട് ചെയ്തു. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേര്‍ സമാനമായ രീതിയില്‍ വഞ്ചിക്കപ്പെട്ടുവെന്ന് വ്യക്തമായി.
പല രൂപത്തിലുള്ള തന്ത്രങ്ങളുമായാണ് തട്ടിപ്പുകാര്‍ വരുന്നതെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം മലയാളി യുവതി വാട്ട്‌സാപ്പ് വഴി പങ്കുവച്ച ഓഡിയോ സന്ദേശത്തില്‍ ഇത്തരത്തില്‍ ഒരു തട്ടിപ്പിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അവരുടെ ബന്ധുവായ സുമിക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന്് എന്ന വ്യാജേനയാണ് കോള്‍ വന്നത്. ഇഹ്തിറാസ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ചില വിവരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളി. ആദ്യം ഖത്തര്‍ ഐഡി നമ്പര്‍ വാങ്ങി. തുടര്‍ന്ന് ഇമെയില്‍ അഡ്രസും നല്‍കി. ശേഷം ആപ്പ് അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആവശ്യപ്പെട്ടു. ഏത് എക്‌സ്‌ചേഞ്ച് വഴിയാണ് പണം അയക്കുന്നതെന്ന് എന്ന് വിളിച്ചയാള്‍ ചോദിച്ചതോടെ സംശയം തോന്നി ഫോണ്‍ കട്ട് ചെയ്തു.
എന്നാല്‍, ഇവര്‍ തന്റെ സിം ഹാക്ക് ചെയ്തതായി പിന്നീട് മനസ്സിലായി. പുതിയ സിം കിട്ടാന്‍ മണിക്കൂറുകള്‍ കഴിയേണ്ടി വന്നു. പുതിയ സിം ആക്ടിവേറ്റ് ചെയ്ത ഉടന്‍ ഒരു അപരിചിതന്‍ വിളിച്ച് ഇന്ന് പല തവണ എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചു. എന്താണ് സംഭവിച്ചതെന്നുള്ള കാര്യം അയാളോട് പറഞ്ഞപ്പോള്‍ ഇതിന് പിന്നില്‍ വലിയ തട്ടിപ്പ് സംഘമുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കാനും ആവശ്യപ്പെട്ടു. സിം ബ്ലോക്ക് ആയ മൂന്ന് മണിക്കൂര്‍ സമയത്ത് തന്റെ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ മറ്റുള്ളവരെ വിളിച്ച് പറ്റിക്കാന്‍ ശ്രമിച്ചതായാണ് വ്യക്തമാകുന്നതെന്നും യുവതി പറഞ്ഞു.
ALSO WATCH