ദോഹ: ഖത്തറിന്റെ മണ്ണില്‍ കാലുകുത്തുന്ന യാത്രക്കാരെ ഇനി സ്വീകരിക്കുക ദേശീയ പക്ഷിയായ ഫാല്‍ക്കണിന്റെ സുന്ദരന്‍ പ്രതിമ. പ്രശസ്ത ഡച്ച് ശില്‍പ്പി ടോം ക്ലാസന്‍ രൂപകല്‍പ്പന ചെയ്ത സ്വര്‍ണ വര്‍ണത്തിലുള്ള ഫാല്‍ക്കണ്‍ പ്രതിമ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച്ച അനാഛാദനം ചെയ്തു.
ഫാല്‍ക്കണ്‍ പക്ഷിയുടെ മാര്‍ദ്ദവമേറിയ തൂവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ശില്‍പ്പത്തിന്റെ രൂപകല്‍പ്പന. പക്ഷിയുടെ ദേഹത്തെ വിവിധ രേഖകള്‍ ഖത്തറില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന റൂട്ടുകളെ സൂചിപ്പിക്കുന്നതായി ഖത്തര്‍ മ്യൂസിയംസ് അതോറിറ്റി അധ്യക്ഷ ശെയ്ഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു.
എയര്‍പോര്‍ട്ടില്‍ പ്രത്യേകമായി ഒരുക്കിയ തട്ടിലാണ് ഫാല്‍ക്കണ്‍ പ്രതിമ ഇരിക്കുന്നത്. അറബിക് കാലിഗ്രാഫിയെയും പരമ്പരാഗത ഖത്തരി വസ്ത്രത്തിലെ ചുളിവുകളെയും ഓര്‍മിപ്പിക്കുന്നതാണ് പ്രതിമയിലെ വളവുകള്‍. അറൈവല്‍ ഹാളില്‍ ഖത്തറിന്റെ ദേശീയ മൃഗമായ ഒറിക്‌സിനെയും സ്ഥാപിച്ചിട്ടുണ്ട്.