ഖത്തറില്‍ 18,000 ബെഡ്ഡുള്ള താല്‍ക്കാലിക ചികില്‍സാ കേന്ദ്രം ആഴ്ച്ചകള്‍ക്കുള്ളില്‍

Lulwa Al Khather

ദോഹ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 18,000 പേരെ കൂടി കിടത്താവുന്ന ചികില്‍സാ സൗകര്യം വരുന്ന ആഴ്ച്ചകളില്‍ ഒരുക്കുമെന്ന് ഖത്തര്‍ സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലൗല അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനത്തിന് സജ്ജരായി 35,000ഓളം സന്നദ്ധപ്രവര്‍ത്തകര്‍ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സജ്ജീകരിക്കുക. കോവിഡ് 19 ബാധ മൂലം ഗുരുതരപ്രശ്‌നങ്ങളില്ലാത്ത തൊഴിലാളികളെ ചികില്‍സിക്കുന്നതിന് ഖത്തര്‍ സായുധ സേനയുടെ സഹകരണത്തോടെ രണ്ട് താല്‍ക്കാലിക ആശുപത്രികള്‍ സജ്ജീകരിക്കും. ഇവിടെ 4,656 ബെഡ്ഡുകള്‍ ഒരുക്കും.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കുന്നതിന് ദിവസേന 1000ഓളം വാഹനങ്ങള്‍ പ്രവേശിക്കുന്നുണ്ട്. എല്ലാവിധ മുന്‍കരുതലും എടുത്താണ് ഇത് ചെയ്യുന്നത്.

ഖത്തറിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ഉന്നത നിലവാരത്തിലുള്ള ചികില്‍സ ലഭ്യമാക്കുമെന്നും ലൗല അല്‍ ഖാത്തര്‍ പറഞ്ഞു.