ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 209 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് മാസ്‌ക് ധരിക്കാത്തതിന് 7,240 പേര്‍ക്കെതിരെയും വാഹനത്തിലെ പരമാവധി ആളുകളുടെ പരിധി ലംഘിച്ചതിന് 277 പേര്‍ക്കെതിരെയും നടപടി എടുത്തിയിട്ടുണ്ട്.
കോവിഡ് നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്. എന്നാല്‍ രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിത്. രാജ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് അധികൃതര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. പൊതുജനങ്ങള്‍ ഇവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.