ദേശീയ ദിന പതാക റാലിക്ക് വന്‍പ്രതികരണം ; രജിസ്റ്റര്‍ ചെയ്തത് 5000ലേറെ പേര്‍

ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി സംഘടിപ്പിക്കുന്ന ടീം ഖത്തര്‍ ഫ്‌ളാഗ് റിലേയുടെ മൂന്നാമത് എഡിഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 5000ലേറെ പേര്‍. ആളുകളുടെ ആധിക്യം കാരണം ഇന്നലെ ആരംഭിച്ച റാലി ഇന്നും തുടരും.

മുന്‍ വര്‍ഷങ്ങളിലെ റാലികളുടെ വിജയവും ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരുന്നതും രജിസ്‌ട്രേഷന്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്ന് രാവിലെ തുടക്കം കുറിച്ച റാലിയില്‍ പ്രമുഖ അത്‌ലറ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഖത്തരി പതാകയുമായി അണിനിരന്നു. സ്‌കൂളുകളും ഉരീദു ബില്‍ഡിങും സന്ദര്‍ശിച്ച സംഘം ഖത്തര്‍ ഒളിംപിക് കെട്ടിടത്തിലേക്കു മടങ്ങി.

നാളെ തുടരുന്ന റാലി ദോഹ കോര്‍ണിഷ്, ഖത്തര്‍ ഫൗണ്ടേഷന്‍, കത്താറ, എന്നിവ ചുറ്റി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമാപിക്കും. അവിടെ നിന്ന് പതാക ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവിലേക്കു പോകുന്ന വിമാന പൈലറ്റിന് കൈമാറും. 2020 ടോക്കിയോ സമ്മര്‍ ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കുന്ന ഖത്തര്‍ ടീമിന്റെ മുന്നോടിയായാണ് പതാകയുമായി വിമാനം ടോക്കിയോയിലേക്കു പറക്കുന്നത്.

രണ്ട് ദിവസത്തെ റാലിക്കിടെ നിരവധി കായിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ലോക ചാംപ്യന്‍ മുഅ്തസ് ബര്‍ഷിം, അബ്ദുല്‍ റഹ്മാന്‍ സാംബ തുടങ്ങിയ നിരവധി മുന്‍ നിര അത്‌ലറ്റുകള്‍ റാലിയില്‍ അണിനിരക്കുന്നുണ്ട്.