Sunday, November 28, 2021
HomeNewsfeedബാഴ്‌സയെ പിരിയുന്ന സങ്കടത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി; ഖത്തറിന്റെ ടീമിലേക്കെന്ന് സൂചന

ബാഴ്‌സയെ പിരിയുന്ന സങ്കടത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി; ഖത്തറിന്റെ ടീമിലേക്കെന്ന് സൂചന

ബാഴ്‌സലോണ: രണ്ടു പതിറ്റാണ്ടു പിന്നിട്ട ബന്ധം വിടര്‍ത്തി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ വിടുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോള്‍ വിങ്ങിപ്പൊട്ടി ലയണല്‍ മെസ്സി. ബാഴ്‌സ വിടുന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മെസ്സി കണ്ണീരണിഞ്ഞത്. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസ്സി പറഞ്ഞു. 21 വര്‍ഷം തന്നെ സ്‌നേഹിച്ച സഹതാരങ്ങള്‍ക്കും, ക്ലബിനും ആരാധകര്‍ക്കും മെസ്സി നന്ദി രേഖപ്പെടുത്തി. ഇനി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചു പറഞ്ഞില്ലെങ്കിലും, ‘അതും ഒരു സാധ്യതയാണെന്ന്’ വാര്‍ത്താ സമ്മേളനത്തിനിടെ മെസ്സി വ്യക്തമാക്കി. ഖത്തര്‍ അമീറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജി ക്ലബ്ബ് മെസ്സിയുമായി ചര്‍ച്ച നടത്തുന്നതായി കഴിഞ്ഞ ദിവസം അമീറിന്റെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.

മെസ്സി ബാഴ്‌സയില്‍ തുടരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താരം ടീം വിടുകയാണെന്ന് ബാഴ്‌സലോണ കഴിഞ്ഞ ദിവസാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാര്‍ പുതുക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലും തീരുമാനമാകാതെ പോയതോടെയാണ് താരം ഇനി തിരിച്ചുവരില്ലെന്ന് ക്ലബ് അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ്ബിന് മെസ്സിയെ പോലൊരു വമ്പന്‍ താരത്തിന്റെ വില താങ്ങാനാവില്ലെന്ന് ക്ലബ്ബ് സൂചന നല്‍കിയിരുന്നു.

മെസ്സി ഇന്നോ നാളെയോ ഫ്രഞ്ച് തലസ്ഥാനത്തെത്തുമെന്നും പിഎസ്ജി ഉടമസ്ഥരായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി അന്തിമ ധാരണയിലെത്തുമെന്നും ഫ്രഞ്ച് പത്രമാ എല്‍എക്വിപ് റിപോര്‍ട്ട് ചെയ്തു.

തന്റെ കായികക്ഷമത നിലനില്‍ക്കുന്നേടത്തോളം കാലം താന്‍ കളിക്കളത്തിലുണ്ടാവുമെന്ന് മെസ്സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താഴ്മയോടും ബഹുമാനത്തോടെയും ജീവിക്കാനായിരുന്നു താന്‍ ശ്രമിച്ചത്. ക്ലബ്ബ് വിടുമ്പോള്‍ അതാണ് എനിക്ക് ബാക്കിയുള്ളത്. 50 ശതമാനം തുക കുറച്ച് അഞ്ച് വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാന്‍ ഏകദേശ ധാരണയിലെത്തിയിരുന്നു. എന്നാല്‍, അവസാന നിമിഷമാണ് എല്ലാം അട്ടിമറിഞ്ഞത്. ലാലിഗ നിമയങ്ങളാണ് അവര്‍ കാരണമായി പറഞ്ഞത്. എന്റെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തിരുന്നുവെന്നും മെസ്സി വിതുമ്പിക്കൊണ്ട പറഞ്ഞു.

മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിനു തടസമായുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. ജൂണ്‍ 30നാണ് ബാര്‍സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. മെസ്സിക്ക് ബാര്‍സയില്‍ തുടരാനാണു താല്‍പര്യമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Lionel Messi

ബാഴ്സക്ക് വേണ്ടി മെസ്സി നേടിയ 35 ട്രോഫികളും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പതിമൂന്നാം വയസ് മുതല്‍ ഇതാണ്‍ എന്റെ ലോകം. എന്റെ വീട് ബാഴ്സലോണയാണ്. ക്ലബില്‍ തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കി. ഈ സമയത്ത് പുറത്ത് നമ്പര്‍ 10 ജഴ്‌സി അണിഞ്ഞ നിരവധി ആരാധകര്‍ ബാഴ്‌സ ക്യാമ്പ് നു സ്റ്റേഡിയത്തിന് പുറത്ത് മെസ്സിക്ക് പിന്തുണ അര്‍പ്പിച്ച് എത്തിയിരുന്നു.

അവസാനിക്കുന്നത് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം
13ാം വയസ്സില്‍ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വര്‍ഷത്തോളമാണ് അവിടെ തുടര്‍ന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന മെസ്സി 2003ല്‍ തന്റെ 16ാം വയസ്സിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ബാഴ്‌സയ്ക്കൊപ്പമോ അതിലുപരിയോ വളര്‍ന്ന മെസ്സി, ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ബാഴ്‌സയ്‌ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്തു.

ബാഴ്‌സലോണയില്‍ മെസ്സിയുടെ നേട്ടങ്ങള്‍
– 672 ഗോളുകള്‍ (റെക്കോര്‍ഡ്)
– 268 അസിസ്റ്റുകള്‍ (റെക്കോര്‍ഡ്)
– 778 കളികള്‍ (റെക്കോര്‍ഡ്)
– 35 കിരീടങ്ങള്‍ (റെക്കോര്‍ഡ്)
– 6 തവണ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം (റെക്കോര്‍ഡ്)
– 6 തവണ ഗോള്‍ഡന്‍ ബൂട്ട് (റെക്കോര്‍ഡ്)
– 8 തവണ ലാലിഗയിലെ ടോപ് സ്‌കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫി (റെക്കോര്‍ഡ്)
Tearful Messi confirms he is leaving Barcelona
ALSO WATCH

 

Most Popular