ദോഹ ഫിലിം ഇന്‍സറ്റ്റ്റിയൂട്ടിന്റെ സഹായത്തില്‍ നിര്‍മിച്ച 10 സിനിമകള്‍ വെനീസ് ചലചിത്ര മേളയില്‍

Venice Film Festival

ദോഹ: ദോഹ ഫിലിം ഇന്‍സറ്റ്റ്റിയൂട്ടിന്റെ പിന്തുണയോടെ നിര്‍മിച്ച 10 വ്യത്യസ്ഥ സിനിമകള്‍ സപ്തംബര്‍ 1 മുതല്‍ 11 വരെ നടക്കുന്ന വെനീസ് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡിഎഫ്‌ഐ ഫണ്ടിങില്‍ നിര്‍മിക്കുന്ന ഇത്രയധികം ചിത്രങ്ങള്‍ മേളയിലെത്തുന്നത് ഇതാദ്യമായാണ്. 10 സിനിമകളില്‍ 6 എണ്ണം അറബ് മേഖലയില്‍ നിന്നുള്ളതാണ്. ആദ്യമായി ഒരു യമനി ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു. ഹ്രസ്വ ചിത്രവിഭാഗത്തിലാണ് ഷൈമ അല്‍ തമീമിയുടെ ഡോണ്ട് ഗെറ്റ് ടൂ കംഫോര്‍ട്ടബിള്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുക.

ഇറ്റാലിയന്‍ സംവിധായകന്‍ യൂറി അന്‍കാറനിയുടെ അറ്റ്‌ലാന്റിഡെ(ഇറ്റലി, ഫ്രാന്‍സ്, ഖത്തര്‍), കാവിച്ച് നിയാങിന്റെ ആദ്യ സിനിമ വൈറ്റ് ബില്‍ഡിങ്(കമ്പോഡിയ, ഫ്രാന്‍സ്, ചൈന, ഖത്തര്‍), കിറോ റുസോയുടെ എല്‍ ഗ്രാന്‍ മുവിമെന്റോ(ബൊളീവിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, ഖത്തര്‍) തുടങ്ങിയ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവയില്‍ പെടുന്നു.