ഖത്തറില്‍ അന്തരിച്ച മലയാളി സാംസ്‌കാരിക പ്രവര്‍ത്തകന്‍ മണികണ്ഠ മേനോന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട്‌പോകും

ദോഹ: ഖത്തറില്‍ അന്തരിച്ച മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ മണികണ്ഠ മേനോന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകുന്നേരം 7:30 ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഭാര്യ ബേബി മേനോനും ഖത്തര്‍ എയര്‍ഫോഴ്‌സ് പ്രതിനിധിയും നാട്ടിലേക്ക് പോകുന്നുണ്ട്. നാളെ പലര്‍ച്ചെ കൊച്ചിയിലെത്തുന്ന മൃതദേഹം നാട്ടില്‍ മരുമകനും മകനും ഇടപ്പാളയം സംഘടനാ പ്രതിനിധികളും ഏറ്റു വാങ്ങും. രാവിലെ 7 മണി മുതല്‍ 9 മണിവരെ കാലടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് മണികണ്ഠ മേനോന്‍ അന്തരിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ സേവനത്തിന് ശേഷം ഖത്തറില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു.

അതേസമയം ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഐ.സി.സി, ഐ.സി.ബി.എഫ്, കെ.ബി.എഫ്, ഇന്ത്യന്‍ എംബസി, ഖത്തര്‍ എയര്‍ഫോഴ്സ് എന്നിവരുടെ ഇടപെടലുകളും നടപടികള്‍ വേഗത്തിലാക്കി.