ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആറ് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 300 കവിഞ്ഞു

covid death toll in gulf

ദോഹ: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്.

യുഎഇയില്‍ അഞ്ച് മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു. ദുബയില്‍ തൃശൂര്‍ വെള്ളറക്കാട് സ്വദേശി റഫീഖ്, പാലപ്പെട്ടി കുതിയിരുത്തി സ്വദേശി കുമ്മില്‍ ഹനീഫ, റാസല്‍ഖൈമയില്‍ മലപ്പുറം സ്വദേശി മച്ചങ്ങലത്ത് കേശവന്‍, അജ്മാനില്‍ വടകര തോടന്നൂര്‍ സ്വദേശി യൂസുഫ്, അബൂദബി മുസഫയില്‍ പത്തനം തിട്ട സ്വദേശി പ്രകാശ് കൃഷ്ണന്‍(55), സൗദിയിലെ ജിദ്ദയില്‍ മലപ്പറും കൊളപ്പുറം സ്വദേശി പാറേങ്ങല്‍ ഹസന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇതോടെ യുഎഇയില്‍ മാത്രം കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 27 ആയി. സൗദി അറേബ്യയില്‍ അഞ്ചും കുവൈത്തില്‍ രണ്ടും ഒമാനില്‍ ഒന്നും മലയാളികളും ഇതിനകം കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഗള്‍ഫില്‍ രോഗവ്യാപനത്തില്‍ മാറ്റമില്ല. 3500ഓളം പേര്‍ക്കാണ് ഇന്നലെയും ഇന്നുമായി രോഗം സ്ഥിരീകരിച്ചത്. കുവൈത്തില്‍ ഇന്ന് 353 പേര്‍ക്കും ഖത്തറില്‍ 687 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ ഇന്ത്യക്കാരാണ്. 45 വയസ്സുള്ള ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നാല് പേരുടെ മരണം കൂടി ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ഗള്‍ഫില്‍ കോവിഡ് മരണസംഖ്യയും രോഗികളുടെ എണ്ണവും ഉയരുകയാണ്. യുഎഇയില്‍ 7ഉം സൗദിയില്‍ 5ഉം കുവൈത്തില്‍ രണ്ടും ഒമാനില്‍ ഒരാളും ഇന്നലെ മരിച്ചിരുന്നു. ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 58,000ലേക്കു കടക്കുകയാണ്.

രോഗം ഭേദമാകുന്നവരുടെ എണ്ണം പതിനായിരം കടന്നു എന്നതു മാത്രമാണ് സംതൃപ്തി പകരുന്ന വാര്‍ത്ത. ഖത്തറില്‍ രോഗം ഭേദമായവരുടെ എണ്ണം 1500ഓളം ആയി. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാപക കോവിഡ് ടെസ്റ്റുകള്‍ വിവിധ രാജ്യങ്ങളില്‍ ഊര്‍ജിതമാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ടതില്ലെന്നാണ് ഖത്തര്‍ തീരുമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള തിടുക്കത്തിലാണ് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും.

The death toll from covid in the Gulf exceeds 300. Twenty people including Malayalees died yesterday and today.