സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് അല്‍തവാദിയുടെ പ്രസ്താവന: ഗാര്‍ഡിയന്‍ പത്രം തെറ്റ് തിരുത്തി

ദോഹ: ഖത്തറിലെ ലോക കപ്പ് ഫുട്‌ബോള്‍ സംഘാടക സമിതി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുടെ പ്രസ്താവന തെറ്റായി നല്‍കിയത് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ തിരുത്തി. സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അടുത്ത മാസം മുതല്‍ പൂര്‍ണമായും ഇല്ലതാവുമെന്നും തൊഴിലാളികളുടെ മിനിമം ശമ്പളം 50 ശതമാനം വര്‍ധിക്കുമെന്നും അല്‍ തവാദി പറഞ്ഞതായി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, ഇക്കാര്യം നിഷേധിച്ചുകൊണ്ട് അല്‍ തവാദി രംഗത്തെത്തിയതോടെയാണ് ഗാര്‍ഡിയന്‍ തിരുത്ത് നല്‍കിയത്. സ്‌പോണ്‍സര്‍ഷിപ്പും മിനിമം കൂലിയും സംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പ് തൊഴില്‍ മന്ത്രി പറഞ്ഞതാണെന്നും അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ പ്രസ്താനയാണ് തന്റെ പേരില്‍ തെറ്റായി വന്നതെന്നും അല്‍തവാദി വിശദീകരിച്ചു.

പ്രസ്താവന അല്‍ തവാദിയുടെ പേരില്‍ വന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അടുത്ത മാസം മുതല്‍ ഖത്തറിലെ തൊഴില്‍ വിപണിയില്‍ മാറ്റം വരുമെന്ന പ്രസതാവന നടത്തിയത് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനാണെന്നും ഗാര്‍ഡിയന്റെ തിരുത്തില്‍ പറയുന്നു.

സ്റ്റേഡിയം തൊഴിലാളികള്‍ക്കു മാത്രമല്ല ഖത്തറലെ മുഴുവന്‍ തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട സാഹചര്യം ഒരുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അല്‍ തവാദിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ തൊഴിലാളികളുടെ വേതനം 50 ശതമാനം വര്‍ധിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളു. എന്നാല്‍, വേതന വര്‍ധനയുടെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും അല്‍ തവാദി വ്യക്തമാക്കി.