പൗരത്വ ബില്ലിനെതിരായ വിദ്യാര്‍ഥി സമരത്തിലെ ഹീറോ ഖത്തറിലെ പൂര്‍വ വിദ്യാര്‍ഥി

ഷഹീന്‍ അബ്ദുള്ളയെ പോലിസ് തല്ലിച്ചതയ്ക്കുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന കൂട്ടുകാരികള്‍
ഷഹീന്‍ അബ്ദുള്ളയെ പോലിസ് തല്ലിച്ചതയ്ക്കുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന കൂട്ടുകാരികള്‍

ദോഹ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ സ്വജീവന്‍ അവഗണിച്ച് പോരാട്ട രംഗത്തിറങ്ങിയ വിദ്യാര്‍ഥി സമരത്തിലെ ഹീറോ ഖത്തറിലെ പൂര്‍വ വിദ്യാര്‍ഥി.


വിദ്യാര്‍ഥി സമരത്തിനെതിരായ പോലിസ് നരനായാട്ടില്‍ പ്രതിരോധത്തിന്റെയും പോലിസ് ഭീകരതയുടെയും പ്രതീകമായി മാറിയ ഷഹീന്‍ അബ്ദുള്ള പന്ത്രണ്ടാം ക്ലാസ് വരെ ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. വടകര വല്യാപ്പള്ളി സ്വദേശി അബ്ദുള്ളയുടെയും കുറ്റ്യാടി സ്വദേശിനി സക്കീനാ അബ്ദുള്ളയുടെയും രണ്ടാമത്തെ മകനായ ഷഹീന്‍ ഇപ്പോള്‍ ജാമിഅ മില്ലിയയില്‍ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. പിതാവ് അബ്ദുള്ള വര്‍ഷങ്ങളായി ദോഹയില്‍ ബിസിനസ് നടത്തിവരികയാണ്. മൂത്ത സഹോദരന്‍ ഫഹീം അബ്ദുള്ളയും ദോഹയിലുണ്ട്.

ലദീദ ഫര്‍സാന, ആയിഷ റെന്ന
ലദീദ ഫര്‍സാന, ആയിഷ റെന്ന

സമാധാനപരമായി നടത്തിയിരുന്ന പ്രതിഷേധ സമരത്തെ അക്രമസമരമായി ചിത്രീകരിച്ചാണ് പോലിസ് നരനായാട്ട് നടത്തിയത്. ബസ്സുകള്‍ക്ക് തീവെച്ചതുള്‍പെടെ അക്രമങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പോലീസുകാര്‍ തന്നെയാണ് ബസ്സുകള്‍ക്ക് തീവച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷഹീനെ തല്ലിച്ചതക്കുമ്പോള്‍ പോലിസിനെതിരേ കൈചൂണ്ടി കടന്നുപോകൂ എന്ന് പറയുകയും പോലിസിന്റെ ലാത്തി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രവും പ്രതിഷേധക്കാര്‍ക്ക് ആവേശമായി മാറിയിട്ടുണ്ട്.

ജാമിയ മില്ലിയയിലെ പോലീസ് അതിക്രമത്തിന്റെ വാര്‍ത്തകള്‍ അറിഞ്ഞു തുടക്കത്തില്‍ അല്‍പം പരിഭ്രാന്തിയുണ്ടായെങ്കിലും മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ ഷഹീന്‍ അബ്ദുള്ളയ്ക്കുണ്ട്. പോലിസ് തല്ലിച്ചതച്ച ഷഹീന്‍ നാട്ടിലുള്ള ഉമ്മ സക്കീനയുമായി നടത്തിയ ഫോണ്‍ സംഭാഷണവും വൈറലായി മാറിയിട്ടുണ്ട്.

”ഓനൊരു നിയ്യത്തോട് കൂടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങിയതാണ്. നമുക്ക് അവന് വേണ്ടി പ്രാര്‍ഥിക്കാം”- എന്നായിരുന്നു ഉമ്മയുടെ വാക്കുകള്‍.
തുടര്‍ന്ന് ഫേസ്ബുക്കില്‍ ഷഹീന്റെ വാക്കുകള്‍ ഇങ്ങിനെ: ”സമരത്തില്‍ നിന്ന് പിന്തിരിയരുത്. അഭിമാനത്തോടെ മുന്നോട്ട് പോവണം” എന്ന് ഉമ്മ അറിയിച്ചു.
ഷഹീനെ പോലിസ് മര്‍ദ്ദിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റം പ്രതിരോധ വലയും തീര്‍ത്ത് പോലിസിനെ ധീരമായി നേരിട്ട എംഎ ചരിത്ര വിദ്യാര്‍ഥി ആയിഷ റെന്നയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.