കാലാവധി തീരും മുമ്പ് തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം

ദോഹ: ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കാലാവധി തീരും മുമ്പ് പുതുക്കാന്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. നടപടിക്രമങ്ങളും പണം അടയ്ക്കുന്നതും നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കുന്നതിന് ഇത് സഹായകമാവുമെന്ന് മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അറിയിച്ചു.

മെത്രാഷ് 2 അപ്ലിക്കേഷന്‍ വഴി രേഖകള്‍ വളരെ എളുപ്പത്തില്‍ പുതുക്കാമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. പോസ്റ്റല്‍ സര്‍വീസ് വഴിയോ അധികാരപ്പെടുത്തിയ ആളുകള്‍ മുഖേനയോ പുതുക്കിയ രേഖകള്‍ സ്വീകരിക്കാവുന്നതാണ്.

ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ളവയും മെത്രാഷ് 2 വഴി പുതുക്കാന്‍ സംവിധാനം ഉണ്ട്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും കമ്പനികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നു നേരിട്ടും ഇതിനുള്ള പണം അടയ്ക്കാം.