ദോഹ: ഡിസംബര്‍ 26ന് ഖത്തറിന്റെ ആകാശത്ത് ദൃശ്യമാവുന്ന നൂറ്റാണ്ടിലെ അപൂര്‍വ സൂര്യഗ്രഹണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനൊരുങ്ങി ഖത്തര്‍ കലണ്ടര്‍ ഹൗസ്. അതിന്റെ ഭാഗമായുള്ള വിശദീകരണ പരിപാടി ഇന്ന് വൈകീട്ട് ദഫ്‌നയിലുള്ള ഖത്തര്‍ സ്‌പേസ് ആന്റ് ആസ്‌ട്രോണമി സെന്ററിലെ ശെയ്ഖ് അബ്ദുല്ല അല്‍ അന്‍സാരി ഹാളില്‍ നടക്കും.
അപൂര്‍വ്വ പ്രതിഭാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അതിന്റെ ശാസ്ത്രീയ കാരണങ്ങളെക്കുറിച്ചും പരിപാടിയില്‍ വിശദീകരിക്കും. ഖത്തരി ജ്യോതിശാസ്ത്രജ്ഞന്‍ ശെയ്ഖ് സല്‍മാന്‍ ബിന്‍ ജബര്‍ ആല്‍ഥാനിയാണ് ക്ലാസ് നയിക്കുക.
ഡിസംബര്‍ 26ന് വ്യാഴാഴ്ച്ച സൂര്യോദയത്തോട് കൂടിയാണ് ഖത്തറിന്റെ ആകാശത്ത് സൂര്യഗ്രഹണം ദൃശ്യമാവുക. ഒരു നൂറ്റാണ്ടിനിടെ ഇത്തരത്തിലൊരു സൂര്യഗ്രഹണം ഖത്തറില്‍ ദൃശ്യമായിട്ടില്ലെന്ന് കലണ്ടര്‍ ഹൗസ് വ്യക്തമാക്കുന്നു. ഇനി ഇങ്ങിനെ ഒന്ന് കാണണമെങ്കില്‍ ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കണം.