ദോഹ: കതാറ കള്‍ച്ചറല്‍ വില്ലേജില്‍ മൂന്നാമത് പരമ്പരാഗത കരകൗശല പ്രദര്‍ശനത്തിന് തുടക്കമായി. 10 ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ഖത്തര്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളാണ് പ്രധാനമായും പങ്കെടുക്കുന്നത്. കരകൗശല മേഖലയിലെ വിദഗ്ധരുടെയും പരിചയസമ്ബന്നരുടെയും വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന കലാസൃഷ്ടികളടങ്ങിയ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്റാഹിം അല്‍ സുലൈതി നിര്‍വഹിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്ബതു മുതല്‍ 12 വരെയും വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശന സമയം. എന്നാല്‍ ഇത്യോപ്യ, സിറിയ, ഫലസ്തീന്, തുനീഷ്യ, മൊറോക്കോ, സുഡാന്, ഇറാന് എന്നിവിടങ്ങളില്‍നിന്നുള്ള പരമ്ബരാഗത കരകൗശല സൃഷ്ടികളുടെ പ്രദര്‍ശന കൗണ്ടറുകള്‍ വൈകീട്ട് നാല്മുതല് രാത്രി 10 വരെയായിരിക്കും പ്രവര്‍ത്തിക്കുക. ബില്‍ഡിങ് നമ്ബര്‍ 48ലാണ് പ്രദര്‍ശനം.
കലപ്രോത്സാഹിപ്പിക്കുകയെന്നത് കതാറയുടെ നയമാണെന്നും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കതാറക്ക് വലിയ പങ്കാണുള്ളതെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. സുലൈതി പറഞ്ഞു. കോവിഡ്-19 പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധ അതോറിറ്റികള്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അടിസ്ഥാനമാക്കി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കതാറ ജനറല്‍ മാനേജര്‍ അറിയിച്ചു.