ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘട്ടംഘട്ടമായി തുറക്കും; വീട്ടുജോലിക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സൗകര്യം

lolwah al khater corona ramadan message

ദോഹ: ക്വാരന്റൈനിലുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയ പ്രദേശം തുറക്കാനുള്ള പദ്ധതി തയ്യാറായതായി സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍. മിനിമം ബാലന്‍സ് നിബന്ധനയില്ലാതെ വീട്ടുജോലിക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്‍ഡസ്ട്രിയല്‍ ഏരിയ ഘട്ടംഘട്ടമായി തുറക്കാനുള്ള പദ്ധതികളാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് താമസിക്കുന്നവരുടെയും മൊത്തത്തില്‍ സമൂഹത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുന്ന രീതിയിലായിരിക്കും ഇത് നടപ്പാക്കുക. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അവര്‍ അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളില്‍ എല്ലാ ഷോപ്പുകളും ഓഫിസുകളും അടക്കണമെന്ന് ലുലുവ അല്‍ ഖാത്തര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റ് ഡെലിവറി സര്‍വീസ് എന്നിവയ്ക്ക് മാത്രമായിരിക്കും അനുമതി.

ക്വാരന്റൈന് പുറത്ത് രോഗം കണ്ടെത്തുന്നവരുടെ ശതമാനം 26 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ഇത് 16 ശതമാനമായിരുന്നു.

ഖത്തറില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരില്‍ 86 ശതമാനം പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. പ്രവാസികളില്‍ 90 ശതമാനവും പുരുഷന്മാരാണ്. രോഗബാധിതരില്‍ രണ്ട് ശതമാനം മാത്രമാണ് ഗുരുതര പ്രശ്‌നമുള്ളവരെന്നും അല്‍ ഖാത്തര്‍ പറഞ്ഞു.