ഖത്തറില്‍ കൊറോണ രോഗികള്‍ക്ക് പ്ലാസ്മ ചികില്‍സ നല്‍കിയപ്പോള്‍ മൂന്ന് ദിവസത്തിനിടെ സംഭവിച്ചത്

Dr Muna Al Muslimani

ദോഹ: ഖത്തറില്‍ കൊറോണ രോഗികളില്‍ പ്ലാസ്മ ചികില്‍സ വന്‍വിജയമെന്ന് പകര്‍ച്ചവ്യാധി കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍  ഡോ. മുന അല്‍ മുസ്ലിമാനി.  പ്ലാസ്മ ചികില്‍സ 70 ശതമാനം രോഗികളിലും പുരോഗതി കാണിക്കുകയും അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ സാധിക്കുകയും ചെയ്തു.

കൊറോണ രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരില്‍ നിന്നാണ് ചികില്‍സയ്ക്ക് ആവശ്യമായ പ്ലാസ്മ എടുക്കുന്നത്. ഇതില്‍ വൈറസിനെതിരായ ആന്റിബോഡി അടങ്ങിയിട്ടുണ്ടാവും. ഒരാളില്‍ നിന്ന് ആഴ്ച്ചയില്‍ രണ്ട് തവണ പ്ലാസ്മ എടുക്കാനാവും. ഒരു വര്‍ഷം പരമാവധി 24 തവണ. രോഗപ്രതിരോധത്തിന് പകരം ചികില്‍സയ്ക്കായാണ് പ്ലാസ്മ ഉപയോഗിക്കുന്നത്.

രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന ഒരാളില്‍ നിന്ന് എടുക്കുന്ന പ്ലാസ്മ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്കാണ് ഉപയോഗിക്കുന്നത്. ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തില്‍ മറ്റ് രോഗാണുക്കളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് ഇത് എടുക്കുക.

600 എംഎം പ്ലാസ്മ മൂന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനാവും. ഇങ്ങിനെ എടുത്ത പ്ലാസ്മ ഉപയോഗിച്ച് ഖത്തറില്‍ ചികില്‍സ നടത്തിയ രോഗികളില്‍ മൂന്ന് ദിവസം കൊണ്ട് തന്നെ കാര്യമായ പുരോഗതി കാണാനായി. ശ്വസനത്തിലും ലിംഫോസൈറ്റിന്റെ പ്രവര്‍ത്തനത്തിലുമൊക്കെ നല്ല പുരോഗതി വന്നതിനെ തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ നിന്ന് നീക്കാനും സാധിച്ചു. 10 രോഗികളില്‍ പരീക്ഷിച്ചപ്പോള്‍ ഏഴ് പേര്‍ക്ക് 70 ശതമാനം പുരോഗതിയാണുണ്ടായതെന്ന് അല്‍ മുസ്ലിമാനി പറഞ്ഞു.

രക്തത്തിലെ പ്ലാസ്മ എടുക്കുന്നത് ദാതാവിന് യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ല. 40 മിനിറ്റ് കൊണ്ട് തീരുന്ന ലളിതമായ പ്രക്രിയ ആണിത്. ഇതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് ഖത്തര്‍ ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ പ്ലാസ്മ എടുക്കുന്ന പ്രക്രിയ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ എടുക്കുന്നുണ്ട്.

This is what happened to patients during 3 days of plasma treatment in Qatar