ദോഹ: ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഖത്തറിലെ മൂന്ന് സ്ഥാപനങ്ങള്‍ കൂടി ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ആസ്പയര്‍ സോണിലെ അപ്രൂവ്ഡ് മാര്‍ക്കറ്റ്, ഖുലൂദ് ഫാര്‍മസി, ലെ ട്രാന്‍ ബ്ലൂ റസ്റ്റൊറന്റ് എന്നിവയാണ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച രാജ്യത്തെ ഏറ്റവും പുതിയ സ്ഥാപനങ്ങള്‍.
ബ്രട്ടീഷ് കമ്പനിയുമായുള്ള കരാറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റയ്യാന്‍ റസ്റ്റൊറന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കീഴിലെ സ്ഥാപനമാണ് ലെ ട്രാന്‍ ബ്ലൂ റസ്റ്റൊറന്റ്. എല്ലാ ഫ്രഞ്ച് ഉല്‍പ്പന്നങ്ങളും സ്ഥാപനത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കുമെന്നും സ്ഥാപനം അറിയിച്ചു.
ഈയിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഷെല്‍ഫുകളിലുള്ള മുഴുവന്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങളും നീക്കം ചെയ്തതായി അപ്രൂവ്ഡ് മാര്‍ക്കറ്റ് ട്വിറ്ററില്‍ അറിയിച്ചു. ഈയാഴ്ച്ച ആദ്യം ഖത്തര്‍ ഷോപ്പിങ് കോംപ്ലക്‌സ് ഹൈപര്‍ മാര്‍ക്കറ്റ്, ഫാമിലി ഫുഡ് സെന്റര്‍, സൂഖ് അല്‍ ബലദി എന്നിവ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു.
അല്‍ മീറ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് ഖത്തറില്‍ ആദ്യമായി ഫ്രഞ്ച് ഉല്‍പ്പന്ന ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. അതേ ദിവസം തന്നെ, കാംപസില്‍ നടക്കാനിരുന്ന ഫ്രഞ്ച് സാംസ്‌കാരിക വാരം അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി ഖത്തര്‍ യൂനിവേഴ്‌സിറ്റി പ്രഖ്യാപിച്ചു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഹാഷ് ടാഗ് അറബ് സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
Three more entities in Qatar join boycott of French products