ദോഹ: ഖത്തറില്‍ പൊതുജനങ്ങള്‍ക്കായി പുതുതായി മൂന്ന് പാര്‍ക്കുകള്‍ കൂടി തുറന്നു. 2020 ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസിയാണ് മൂന്ന് പബ്ലിക് പാര്‍ക്കുകള്‍ തുറന്നത്. അല്‍ബൈത്ത് സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, ഉനൈസയിലെ മുന്‍ അല്‍ ഇര്‍സാല്‍ സ്റ്റേഷന്‍ പരിശീലന കേന്ദ്രം എന്നിവിടങ്ങളിലാണ് പുതിയ പാര്‍ക്കുകള്‍ തുറന്നത്.
ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കുട്ടികളുടെ കളിസ്ഥലം, ജോഗിങ്, സൈക്ലിങ് ട്രാക്കുകള്‍, കായിക പരിശീലന ഉപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പാര്‍ക്കുകള്‍. ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്നതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ കായിക-ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുക എന്നതാണ് പുതിയ പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്.
അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് വിവിധ കായിക വിനോദങ്ങള്‍ക്ക് ഉപകരിക്കുന്ന വിശാലമായ മൈതാനങ്ങള്‍ ആണ് പുതിയ പാര്‍ക്കുകളിലൂടെ ലഭ്യമാക്കിയിരിക്കുന്നതെന്ന് എസ്‌സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു.
അല്‍ബൈത്ത് പാര്‍ക്കില്‍ സുപ്രിം കമ്മിറ്റി തൊഴിലാളികള്‍, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി ദേശീയ കായിക ദിനത്തില്‍ നടന്നിരുന്നു. അല്‍ ജനൂബ് പാര്‍ക്കിലും അല്‍ ഇര്‍സാല്‍ പാര്‍ക്കിലും അതത് പ്രദേശത്തുള്ളവര്‍ പങ്കെടുത്ത പരിപാടികള്‍ നടന്നു.