ദോഹ: യുഎഇ വിദേശകാര്യ സഹമന്ത്രി(UAE’s Minister of State) ശെയ്ഖ് സഖ്ബൂത്ത് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ദോഹയിലെത്തി. ഖത്തര്‍ വിദേശകാര്യ മന്ത്രി(Qatar’s Foreign Minister) ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
ഉഭയ കക്ഷി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം നടത്തിയ ചര്‍ച്ചയില്‍ പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ ബന്ധം മെച്ചപ്പെടുത്താനും തീരുമാനിച്ചു.
ശെയ്ഖ് മുഹമ്മദ് ഈ മാസം ആദ്യം അബൂദബി സന്ദര്‍ശിച്ചിരുന്നു. 2017ല്‍ ആരംഭിച്ച ജിസിസി പ്രതിസന്ധിക്ക് ശേഷം ഒരു ഖത്തര്‍ മന്ത്രി നടത്തുന്ന ആദ്യ യുഎഇ സന്ദര്‍ശനമായിരുന്നു അത്. സന്ദര്‍ശന വേളയില്‍ അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തിയിരുന്നു.
ആഗസ്തില്‍ യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തറിലെത്തി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജിസിസി പ്രതിസന്ധിക്ക് ശേഷം നടക്കുന്ന ആദ്യ ഉന്നത തല സന്ദര്‍ശനമായിരുന്നു അത്.
സൗദിയില്‍ നടന്ന അല്‍ ഊല പ്രഖ്യാപനത്തിന് ശേഷം യുഎഇയും ബഹ്‌റൈനും ഖത്തറുമായി അടുക്കാന്‍ മടിച്ചിരുന്നു. എന്നാല്‍, പുതിയ സന്ദര്‍ശനങ്ങളോട് കൂടി ഇരു രാജ്യങ്ങളും പഴയ വൈരം മറന്ന് ഒരുമിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ALSO WATCH