ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത പരസ്യവാചകങ്ങള്‍; ഖത്തറില്‍ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

toys

ദോഹ: ഖത്തറിലെ വിവിധ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്ത പരസ്യവാചകങ്ങള്‍ പ്രിന്റ് ചെയ്ത കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. വാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നടപടി.

ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും രാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായ വാചകങ്ങള്‍ എഴുതിയ കളിപ്പാട്ടങ്ങള്‍ വില്‍പന നടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള പരിശോധനാ കാമ്പയിന്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളില്‍ ഇസ്ലാമിക മൂല്യങ്ങളും പൊതുസദാചാര മര്യാദകളും ലംഘിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വാചകങ്ങളും അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരേ മന്ത്രാലയം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉല്‍പ്പന്നങ്ങളുടെ പുറത്തും പരസ്യങ്ങളിലും ഇത്തരം കാര്യങ്ങള്‍ വരുന്നത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നത്.