ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴയിളവ് ഡിസംബര്‍ 18 മുതല്‍

qatar traffic department

ദോഹ: ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ ഇളവുകളോട് കൂടി സെറ്റില്‍ ചെയ്യുന്ന പദ്ധതിക്ക് ഡിസംബര്‍ 18 മുതല്‍ തുടക്കമാവും. ഖത്തര്‍ ദേശീയ ദിനമാണ് ഡിസംബര്‍ 18.

പദ്ധതിപ്രകാരം 50 ശതമാനം ഇളവോട് കൂടി ട്രാഫിക് പിഴകള്‍ അടച്ച് തീര്‍ത്ത് തീര്‍പ്പാക്കാം. ഡിസംബര്‍ 18 മുതല്‍ മൂന്ന് മാസത്തേക്കാണ് ഇളവ്. മെത്രാഷ് 2 വഴി പണം അടക്കാം.

ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അടുത്ത വര്‍ഷം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി ആരംഭിക്കുമെന്നും ട്രാഫിക് ജനറല്‍ ഡറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ശഹ്‌വാനി പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകുന്ന പുതിയ നടപടിക്രമ പ്രകാരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടക്കാത്തവര്‍ക്ക് രണ്ട് മാസം സെറ്റില്‍മെന്റിന് സമയം നല്‍കുകയും തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അല്‍ ശഹ്‌വാനി ഇക്കാര്യം വ്യക്തമാക്കിയത്.