വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് പ്രഖ്യാപനം വരും മുമ്പേ ഖത്തറിലേക്കും സൗദിയിലേക്കും യാത്രക്കാരെ വലവീശി ട്രാവല്‍ ഏജന്‍സികള്‍

india flight service

കോഴിക്കോട്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി ട്രാവല്‍ ഏജന്‍സികള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ സൗദിയോ ഖത്തറോ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കില്ലെന്നാണ് അണ്‍ലോക്ക് 3.0 സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

ഈ സാഹചര്യം നിലനില്‍ക്കെയാണ് അടുത്ത മാസം ഖത്തറിലേക്ക് സര്‍വീസുമുണ്ടാകുമെന്ന് പരസ്യം ചെയ്തുകൊണ്ട് ട്രാവല്‍ ഏജന്‍സി ഗൂഗിള്‍ ഫോമില്‍ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. മറ്റൊരു ട്രാവല്‍ ഏജന്‍സി സൗദിയിലേക്കുള്ള യാത്രക്കാരുടേയും പേരുവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇതുസംബന്ധിച്ച പരസ്യങ്ങള്‍ പ്രചരിക്കുന്നത്.

വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായാല്‍ മാത്രമേ പണം നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നാണ് ട്രാവല്‍ രംഗവുമായി ബന്ധമുള്ളവര്‍ നല്‍കുന്ന ഉപദേശം. ഖത്തറിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ച് അനുമതി ലഭിക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെ ചെയ്യാവൂ എന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം.