ഖത്തറില്‍ കാര്‍യാത്രക്കാരനെ ആക്രമിച്ച് കാമറയില്‍ പകര്‍ത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

ദോഹ: കാറില്‍ യാത്ര ചെയ്യുകയായിരുന്നയാളെ ആക്രമിക്കുകയും അത് കാമറയില്‍ പകര്‍ത്തുകയും ചെയ്ത രണ്ടു പേരെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

വെളുത്ത കാറില്‍ സീറ്റ് ബെല്‍റ്റ്് ഇട്ടിരിക്കുന്നയാളെ വലിച്ച് പുറത്തേക്കിടാന്‍ ശ്രമിക്കുന്നതും തെറി വിളിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യത്തിലുള്ളത്. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ട്വീറ്റ് ചെയ്തിരുന്നു.

അക്രമികള്‍ ഇരയെ മര്‍ദ്ദിക്കുകയും വലിച്ചു പുറത്തിടാന്‍ ശ്രമിക്കുകയും ചെയ്തു. കൂടെയുള്ളയാളുകള്‍ അത് തടയുന്നതിന് പകരം കാമറയില്‍ പകര്‍ത്തുകയും ചിരിക്കുകയുമാണ് ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയം അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാവണമെന്നും ഇത് സംബന്ധമായി വന്ന നൂറുകണക്കിന് ട്വീറ്റുകളില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് മന്ത്രാലയം അടിയന്തരമായി ഇടപെടുകയും അക്രമിച്ചയാളെയും അത് കാമറയില്‍ പകര്‍ത്തിയയാളെയും കണ്ടെത്തി പിടികൂടുകയുമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് മന്ത്രാലയം അറിയിച്ചു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Content Highlight: Two arrested for attacking motorist and filming scene