ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിര്‍മിച്ച രണ്ട് സിനിമകള്‍ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. ഫെറാസ് ഫയ്യാദ് സംവിധാനം ചെയത സിറിയന്‍ ആഭ്യന്തര യുദ്ധ ചിത്രം ദി കേവ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലും മോണ്ട്രിയാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍യം ജൂബ്യൂര്‍ സംവിധാനം ചെയ്ത ബ്രദര്‍ഹുഡ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അമാനി ബല്ലൂര്‍ എന്ന സിറിയന്‍ ഡോക്ടറുടെ കഥയാണ് ദി കേവ് പറയുന്നത്. ഭൂമിക്കടിയില്‍ സജ്ജീകരിച്ച ആശുപത്രിയില്‍ നിരന്തരമായ ബോംബ് വര്‍ഷത്തെ അതിജീവിച്ച് ആയിരക്കണക്കിനു ജീവനുകളാണ് അദ്ദേഹം രക്ഷിച്ചത്. അഞ്ചുവര്‍ഷത്തോളം ഉപരോധത്തില്‍ കഴിയേണ്ടി വന്ന ഗൂത്ത മേഖലയിലാണ് ഈ ആശുപത്രി.
2018ല്‍ ഫെറാസ് ഫയ്യാദിന്റെ ലാസ്റ്റ് മെന്‍ ഇന്‍ ആലപ്പോയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ യാത്രാ നിരോധനമുള്ളതിനാല്‍ വിസ നിഷേധിക്കുകയായിരുന്നു.
Content Highlights: Two films backed by Doha Film Institute get Oscar nominations