ദോഹ: ഇന്തോനേഷ്യക്കാരിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 17 വര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ മോചനത്തിനായി ഖത്തര്‍ ഭരണകൂടത്തിന്റെ കാരുണ്യം തേടുന്നു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് നല്‍കുന്ന പൊതുമാപ്പില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ) ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കോഴിക്കോട് സ്വദേശി നുസ്‌റത്ത് ജഹാന്‍ ഖത്തറിലെത്തിയതായി മാതൃഭൂമി ന്യൂസ് റിപോര്‍ട്ട് ചെയ്തു.
തൃശൂര്‍ ജില്ലയിലെ കുന്നം കുളം മച്ചാങ്കലത്ത് ഹൗസില്‍ ശ്രീധരന്‍ മണികണ്ഠന്‍, മണ്ണുത്തി സ്വദേശി ഉണ്ണികൃഷ്ണ മഹാദേവന്‍ എന്നിവരാണ് കൊലക്കുറ്റത്തിന്റെ പേരില്‍ 17 വര്‍ഷമായി ജയിലില്‍ കഴിയുന്നത്. 2003ല്‍ ഒരു ഇന്തോനേഷ്യക്കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും തടവിലായത്. വീട്ടുജോലിക്കാരിയായ ഇന്തോനേഷ്യക്കാരിയെ പ്രതികള്‍ വേശ്യാവൃത്തിക്ക് ഉപയോഗിച്ച് പണം സമ്പാദിച്ചിരുന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സംഭവ ദിവസം പണത്തെച്ചൊല്ലി പ്രതികളും ഇന്തോനേഷ്യക്കാരിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതേ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം വക്‌റ ബീച്ചില്‍ ഉപേക്ഷിക്കുകയുയമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വക്‌റ ബീച്ചില്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തടവിലുള്ള രണ്ട് മലയാളികളും ഒരു നേപ്പാള്‍ സ്വദേശിയും ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലായത്.
എന്നാല്‍, തനിക്ക് ലഭ്യമായ രേഖകള്‍ പ്രകാരം ഉണ്ണികൃഷ്ണനും മഹാദേവനും നിരപരാധികളാണെന്നാണ് നുസ്‌റത്ത് ജഹാന്റെ അവകാശവാദം. അറബി ഭാഷ അറിയാത്തതിനാലാണ് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നതെന്നും നുസ്‌റത്ത് ജഹാനും ശ്രീധരന്‍ മണികണ്ഠന്റെ സഹോദരന്‍ മുരളിയും അവകാശപ്പെട്ടു. കൊല്ലപ്പെട്ടുവെന്ന് പറയുന്ന ഇന്തോനേഷ്യയിലെ സ്ത്രീ 2002 നവംബര്‍ 27ന് ഖത്തറിലെത്തിയതായും 2004 ഏപ്രില്‍ 1ന് അവര്‍ ജക്കാര്‍ത്തയിലേക്കു മടങ്ങിയതായി രേഖകളുണ്ടെന്നുമാണ് നുസ്‌റത്ത് ജഹാന്‍ അവകാശപ്പെടുന്നത്. അങ്കോളയില്‍ ജോലിചെയ്യുന്ന മുരളി സഹോദരന്റെ മോചനശ്രമങ്ങളുമായി ഇപ്പോള്‍ ഖത്തറിലുണ്ട്.
ഖത്തറില്‍ ടാക്‌സി ഡ്രൈവര്‍മാരായിരുന്നു മണികണഠനും മഹാദേവനും. ഇരുവരോടൊപ്പം നേപ്പാള്‍ സ്വദേശിയായ ചന്ദ്രശേഖര്‍ യാദവ് എന്നയാള്‍ക്കും കേസില്‍ വധശിക്ഷ വിധിച്ചിരുന്നതായി ഗള്‍ഫ് ടൈംസിന്റെ ഇത് സംബന്ധമായ റിപോര്‍ട്ടില്‍ പറയുന്നു. അഡ്വ. നിസാര്‍ കോച്ചേരി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മണികണ്ഠന്റെയും മഹാദേവന്റെയും വധശിക്ഷ ജീവപര്യന്തമായും ചന്ദ്രശേഖര്‍ യാദവിന്റെ ശിക്ഷ 15 വര്‍ഷത്തെ തടവായും ഇളവ് നല്‍കുകയായിരുന്നു.
സുപ്രിം കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഇരുവരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2010 ഡിസംബറിലാണ് സുപ്രിംകോടതി ഇവരുടെ വധശിക്ഷയില്‍ ഇളവ് നല്‍കിയത്.
അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ് ജോസഫിന്റെ ഈ വിഷയത്തിലുള്ള ഇടപെടല്‍ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതില്‍ നിര്‍ണായകമായതായി അഡ്വ. നിസാര്‍ കോച്ചേരി പറഞ്ഞു. സുപ്രിംകോടതിയില്‍ മൂന്ന തവണ വാദം കേട്ട അപൂര്‍വ്വ കേസായിരുന്നു ഇതെന്നും നിസാര്‍ കോച്ചേരി പറയുന്നു.
പൊതുമാപ്പിന് പരിഗണിക്കാന്‍ ഇന്ത്യ നല്‍കിയ അപേക്ഷയില്‍ മണികണ്ഠന്റെയും മഹാദേവന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഖത്തര്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്നും നുസ്‌റത്ത് ജഹാന്‍ പറഞ്ഞു.
15 വര്‍ഷത്തെ തടവിന് വിധിച്ച 40 വയസുള്ള ചന്ദ്രശേഖര്‍ യാദവിനെ 2015ല്‍ ഖത്തര്‍ സര്‍ക്കാര്‍ ദേശീയദിനത്തോടനുബന്ധിച്ച് മാപ്പ് നല്‍കി വിട്ടയച്ചിരുന്നു. മുന്‍ നേപ്പാള്‍ അംബാസഡര്‍ സുര്യനാഥ് മിശ്രയുടെ പ്രത്യേക താല്‍പര്യപ്രകാരം ഖത്തരി അഭിഭാഷക മോന അബ്ദുല്‍റഹ്മാന്റെ സജീവമായ ഇടപെടലാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിവച്ചത്.