രണ്ട് വാക്‌സിനുകള്‍ക്ക് കൂടി ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം; കൂടുതല്‍ പേര്‍ക്ക് ക്വാറന്റീന്‍ ഇളവ് ലഭിക്കും

qatar vaccine

ദോഹ: അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിനുകള്‍ക്കും ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ എന്നീ വാക്‌സിനുകള്‍ക്ക് പുറമേയാണ് ഈ രണ്ട് വാക്സിനുകള്‍ക്കു കൂടി അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതോടെ ഈ നാല് വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ ഖത്തറിലേക്ക് മടങ്ങുമ്പോള്‍ ക്വാറന്റീന്‍ ഒഴിവാകും. ഖത്തറിന് പുറത്ത് നിന്ന് ഈ നാല് കോവിഡ് വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് രാജ്യത്തേക്ക് വരുന്നവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന് ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം. ബാക്കി മൂന്ന് വാക്‌സിനുകള്‍ക്കും രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കണം. കോവിഡ് വാക്‌സിനേഷന്‍ സ്വീകിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈയില്‍ കരുതണം. വാക്‌സിന്‍ സ്വീകരിച്ചയാളുടെ പേര്, വാക്‌സിന്റെ ഓരോ ഡോസും എടുത്ത തിയ്യതി, ഏത് തരം വാക്‌സിന്‍, വാക്‌സിന്റെ ലോട്ട് നമ്പര്‍, വാക്‌സിനേഷന്‍ അധികൃതരുടെ ഔദ്യോഗിക ലോഗോയും സീലും തുടങ്ങിയ വിവരങ്ങള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണമെന്നാണ് ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ എംബസി വഴി വെരിഫിക്കേഷന്‍ നടത്തും.

വാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ വിമാനത്താവളത്തില്‍ വച്ചോ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വിദേശത്തെ ടെസ്റ്റിങ് സെന്ററുകളില്‍ വച്ചോ കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം.ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസും ഉണ്ടായിരിക്കണം.

വാക്‌സിന്റെ നിശ്ചിത ഡോസുകള്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ ഖത്തറിലെത്തിയാല്‍ 7 ദിവസം ഹോം ക്വാറന്റീനില്‍ കഴിയേണ്ടി വരും. 14 ദിവസം തികയാന്‍ 7 ദിവസത്തില്‍ കുറവാണ് വേണ്ടതെങ്കില്‍ അത്രയും ദിവസം ഹോം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാവും. അതേ സമയം, ഇന്ത്യയില്‍ നിലവിലുള്ള കോവാക്‌സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് ഖത്തറിലെ ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO WATCH